Latest News
ആര്‍എസ്എസിനെ ഇന്ത്യക്ക് വേണം, കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി ; സംഘടനക്ക് പ്രാധാന്യമുണ്ടെന്നും ഉന്നത കോണ്‍ഗ്രസ് നേതാവ്
ആര്‍എസ്എസിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി. ഹിന്ദുത്വ സംഘടനയായ ആര്‍.എസ്.എസിനെ നിരോധിക്കണം എന്ന ആവശ്യത്തോട് യോജിപ്പില്ലെന്നും ഇന്ത്യയുടെ ബഹുസ്വര സ്വഭാവത്തിന്റെ നിലനില്‍പ്പിന് സംഘടനയും ആവശ്യമാണെന്നാണ് സുപ്രീം കോടതി അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്വി അഭിപ്രായപ്പെട്ടത്.
രാജ്യത്തിന്റെ ബഹുസ്വരത നിലനിര്‍ത്താനായി തീവ്ര ഇടത്, വലത് സംഘടനകള്‍ രാജ്യത്ത് നിലനില്‍ക്കേണ്ടതുണ്ടെന്നും ട്വീറ്റ് വഴി അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ആര്‍.എസ്.എസിനെ നിരോധിക്കണം’ എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരിക്കുന്നത്.
‘ഇന്ത്യയ്ക്ക് തീവ്ര ഇടത് സംഘടനകളേയും തീവ്ര വലത് സംഘടനകളേയും ആവശ്യമുണ്ട്. ഇത്തരം സംഘടനകളുടെ ഭിന്നമായ സാമ്പത്തിക കാഴ്ചപ്പാടുകള്‍ ആവശ്യമുണ്ട്. ഹിന്ദു, അഹിന്ദു കാഴ്ചപ്പാടുകള്‍ ആവശ്യമുണ്ട്. അതുകൊണ്ട് ആര്‍എസ്എസ്സിനെ നിരോധിക്കരുത്. എല്ലാത്തരം ആളുകളുമുള്ളതുകൊണ്ടാണ് ഇന്ത്യയുടെ ബഹുസ്വരത നിലനില്‍ക്കുന്നത്.ഹാഷ് ടാഗിനോട് വിയോജിക്കുന്നു. അതേസമയം ആര്‍എസ്എസ്സിന്റെ പല കാഴ്ചപ്പാടുകളോടും വിയോജിക്കുന്നു’ സിംഗ്വി ട്വീറ്റ് ചെയ്തു
എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇതിനോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആര്‍എസ്എസ് രാജ്യത്തെ വിഭജിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി നാഴികക്ക് നാല്‍പ്പതുവട്ടം ആരോപിക്കുമ്പോഴാണ് പ്രധാനപ്പെട്ട നേതാവ് തന്നെ വര്‍ഗീയ സംഘടനയെ അംഗീകരിച്ച് രംഗത്തുവന്നിരിക്കുന്നത്.