Crime
കരുവന്നൂരിലെ പണം സതീഷ്‌കുമാർ ഹവാലയായി വിദേശത്തേക്ക് കടത്തിയെന്ന് ഇ ഡി യുടെ കണ്ടെത്തൽ
തൃശ്ശൂര്‍ . കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നു തട്ടിയ പണം കേസിലെ പ്രധാന പ്രതിയും സിപിഎം നേതാക്കളുടെ ബിനാമിയുമായ പി. സതീഷ്‌കുമാർ ഹവാലയായി വിദേശത്തേക്ക് കടത്തിയെന്ന് ഇ ഡി യുടെ കണ്ടെത്തൽ. സതീഷ്‌കുമാറിന്റെ പേരില്‍ ബഹ്റൈന്‍ കേന്ദ്രീകരിച്ച് വ്യവസായ സംരംഭങ്ങളുണ്ട്, ഇതില്‍ ചില സിപിഎം നേതാക്കള്‍ക്കും പങ്കാളിത്തം ഉണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ബഹ്റൈനിലുളള കമ്പനിയിലേക്ക് ഹവാല ശൃംഖല വഴിയാണ് സതീഷ് കുമാർ പണം കടത്തിയത്. സതീഷ്‌കുമാറിന്റെ സന്തത സഹചാരിയും കേസിലെ മുഖ്യസാക്ഷിയുമായ തൃശ്ശൂര്‍ പാടൂക്കാട് സ്വദേശി ജിജോറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇ ഡി ഇതു സംബന്ധിച്ച് പരിശോധന നടത്തിയിരുന്നു. കരുവന്നൂര്‍ സഹ. ബാങ്കിനൊപ്പം അയ്യന്തോള്‍, തൃശ്ശൂര്‍ സഹകരണ ബാങ്കുകള്‍ അടക്കമുള്ള മറ്റു ചില ബാങ്കുകള്‍ വഴിയും സതീഷ്‌കുമാര്‍ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ട്. നാട്ടില്‍ പണം പലിശയ്‌ക്കു കൊടുത്തതിന്റെ പേരില്‍ പലരില്‍ നിന്നും സതീഷ്‌കുമാര്‍ ഭൂമി എഴുതി വാങ്ങി.
ഇങ്ങനെ ഭൂമി വാങ്ങിയ ഒന്‍പത് ആധാരങ്ങള്‍ സതീഷ്‌കുമാറിനും ഇടനിലക്കാരനും രജിസ്റ്റര്‍ ചെയ്തതായി തൃശ്ശൂരിലെ ആധാരമെഴുത്തുകാരന്‍ ജോഫി കൊള്ളന്നൂര്‍ ഇ ഡി ക്ക് മൊഴി നല്കിയിട്ടുണ്ട്. ഈ ആധാരങ്ങളുടെ കമ്പ്യൂട്ടര്‍ പകര്‍പ്പുകള്‍ ഇ ഡി എടുത്തിട്ടുണ്ട്. തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലായിരുന്നു സതീഷ്‌കുമാറിന്റെ ഇടപാടുകള്‍ കൂടുതലും നടന്നിട്ടുള്ളത്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതിയുടെ ബന്ധുവെന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തി വന്നിരുന്നത്. ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ എന്നിവരുമായും അടുത്ത ബന്ധം ഇയാൾ പുലർത്തി വന്നിരുന്നു. ഇരുവരും തൃശ്ശൂരിലെത്തുമ്പോള്‍ സതീഷ്‌കുമാര്‍ പതിവായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തൃശ്ശൂര്‍ നഗരസഭാ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്‍ എന്നിവര്‍ സതീഷ്‌കുമാറിനെ പതിവായി കാണാനെത്തുന്നവരായിരുന്നു. ഇരുവരും ഇപ്പോൾ ഇ ഡി അന്വേഷണം നേരിടുന്നുണ്ട്. എ.സി. മൊയ്തീന്റെ വടക്കാഞ്ചേരിയിലെ ഏജന്റായിരുന്നത് അരവിന്ദാക്ഷനായിരുന്നു. വെറും ഒരു ജീപ്പ് ഡ്രൈവറായിരുന്ന അരവിന്ദാക്ഷന്‍ ഇപ്പോള്‍ കോടീശ്വരനായി മാറി. പണിയൊന്നുമില്ലാത്ത അനൂപ് ഡേവിസിന് അവിഹിതമായ സമ്പാദ്യങ്ങളാണ് ഉള്ളത്. ഇവർ ഒരുവരും സിപിഎം ഏരിയ കമ്മിറ്റിയംഗങ്ങളുമാണ്.
സതീഷ്‌കുമാറിന് നിക്ഷേപമുണ്ടെന്നു സംശയിക്കുന്ന എസ്ടി ജൂവലറി ഉടമയുടെ വീട്ടില്‍ നിന്ന് 800 ഗ്രാം സ്വര്‍ണവും 5.5 ലക്ഷം രൂപയും ഇ ഡി കണ്ടെടുത്തിരുന്നു. ഒളിവിലുള്ള അനില്‍കുമാറിന്റെ വീട്ടില്‍ നിന്ന് 15 കോടി മൂല്യമുള്ള അഞ്ചു രേഖകളും എറണാകുളത്തെ വ്യവസായി ദീപക് സത്യപാലിന്റെ വീട്ടില്‍ നിന്ന് അഞ്ചു കോടി വിലമതിക്കുന്ന 19 രേഖകളും ഇ ഡി പിടികൂടിയിട്ടുണ്ട്.