Culture
കന്നിമാസ പൂജകേൾക്കായി ശബരിമല നട ഞായറാഴ്ച തുറക്കും
പത്തനംതിട്ട . കന്നിമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട 17 ന് വൈകട്ട് 5 ന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും. തുടര്‍ന്ന് ഗണപതി, നാഗര്‍ എന്നീ ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് മേല്‍ശാന്തി ദീപം തെളിയിക്കും. പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ തുടർന്ന് അഗ്നി പകരും. കണ്ഠരര് മഹേഷ് മോഹനര് അയപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം നല്‍കും.
മാളികപ്പുറം മേല്‍ശാന്തി വി ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നടതുറന്ന് ദീപങ്ങള്‍ തെളിയിക്കും. ഇതിന് ശേഷം മഞ്ഞള്‍പ്രസാദം ഭക്തര്‍ക്ക് നല്‍കും. സെപ്റ്റംബര്‍ 17-ന് ക്ഷേത്രത്തില്‍ പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. 17-ന് രാത്രി അടയ്‌ക്കുന്ന തിരുനട കന്നി ഒന്നായ സെപ്റ്റംബര്‍ 18-ന് പുലര്‍ച്ചെ അഞ്ചിന് തുറക്കും. 5.30ന് മഹാഗണപതിഹോമം. തുടര്‍ന്ന് നെയ്യഭിഷേകം. 7.30ന് ഉഷപൂജ. 12.30 ന് ഉച്ചപൂജ. 18 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, 25 ന് കലശാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ദിവസവും ഉച്ചയ്‌ക്ക് 1 മണിക്ക് അടയ്‌ക്കുന്ന ക്ഷേത്രനട വൈകുന്നേരം 5 ന് വീണ്ടും തുറക്കും. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്താം. നിലയ്‌ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്തര്‍ക്കായി സ്‌പോട്ട് ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 5 ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട 22 ന് രാത്രി 10 ന് ഹരിവരാസനം പാടി അടയ്‌ക്കും.