Culture
ശബരിമല അയ്യപ്പ സേവാ സമാജം ഒക്ടോബര്‍ രണ്ട് ആചാരസംരക്ഷണ ദിനമായി ആചരിക്കും
തിരുവനന്തപുരം . ശബരിമല അയ്യപ്പ സേവാ സമാജം ഒക്ടോബര്‍ രണ്ട് ആചാരസംരക്ഷണ ദിനമായി ആചരിക്കും. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ജനറല്‍ സെക്രട്ടറി എംകെ അരവിന്ദാക്ഷനാണ് ഈ വിവരം അറിയിച്ചത്. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ പതിനായിര കണക്കിന് വനിതകളാണ് ആചാര സംരക്ഷംണത്തിനായി രംഗത്ത് വന്നിരുന്നത്.
കേരളത്തിലും തമിഴ്‌നാട്ടിലും ആചാര സംരക്ഷണ ദിനത്തോടനുബന്ധിച്ച് അയ്യപ്പ സേവാ സമാജത്തിന്റെ അയ്യപ്പ യോഗങ്ങള്‍ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും പ്രത്യേക പൂജയും, ശബരിമാതാ സമ്മേളനം എന്ന പേരില്‍ വനിതായോഗങ്ങളും സംഘടിപ്പിക്കാനാണ് തീരുമാനം. സനാതന ധര്‍മ്മത്തെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ ഇതിന്റെ ഭാഗമായി നടക്കും. ലോകജനത അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന നിലയില്‍ മാനുഷര്‍ക്കമൃതാണീ അയ്യപ്പ ധര്‍മ്മം എന്ന ശീര്‍ഷകത്തില്‍ ലഘുലേഖകളുടെ വിതരണവും നടക്കും.
സന്യാസിമാരും ഗുരുസ്വാമിമാരും പങ്കെടുക്കും. കേരള ചരിത്രത്തില്‍ സ്വര്‍ണാക്ഷരങ്ങളില്‍ എഴുതേണ്ട ദിവസമാണതെന്നും അന്നാണ് മണികണ്ഠസ്വാമി കളിച്ചു വളര്‍ന്ന പന്തളത്തെ തെരുവില്‍ പതിനായിരക്കണക്കിന് മഹിളകള്‍ ആചാര സംരക്ഷണത്തിന് പ്രതിജ്ഞയെടുത്തിറങ്ങിയതെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു.