Latest News
കാനഡയിലെ ഹൈന്ദവര്‍ ഭീതിയിലെന്ന് റിപ്പോർട്ടുകൾ
ഒട്ടാവ . ഖാലിസ്ഥാന്‍ തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് കാനഡയിലെ ഹൈന്ദവര്‍ ഭീതിയിലാണെന്ന് റിപ്പോർട്ടുകൾ. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പാര്‍ട്ടിയില്‍ നിന്നുള്ള നിയമസഭാംഗമായ, ലിബറല്‍ പാര്‍ട്ടി എംപി ചന്ദ്ര ആര്യ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവനയ്‌ക്ക് ശേഷം സംഭവിച്ച കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ഞാന്‍ കൂടുതല്‍ ആശങ്കാകുല നാണെന്ന് പറഞ്ഞിരിക്കുന്ന എംപി ചന്ദ്ര ആര്യ, ഇവിടെയുള്ള ഹിന്ദു കനേഡിയന്‍മാരുടെ സുരക്ഷയെക്കുറിച്ചാണ് ആശങ്ക എന്നും, കാനഡയില്‍ വംശീയവും വിഭാഗീയവുമായ രക്തച്ചൊരിച്ചിലിനുള്ള സാധ്യതയാണ് കാണുന്നത് എന്നും പറഞ്ഞിരിക്കുന്നു.
അക്രമങ്ങളും കൊലപാതകങ്ങളും കൊണ്ട് നിറഞ്ഞതാണ് ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ ചരിത്രം. ഖാലിസ്ഥാനി പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ പതിനായിരക്കണക്കിന് ഹിന്ദുക്കളും സിഖുകാരും ഖാലിസ്ഥാന്‍ ഭീകരരാല്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. 38 വര്‍ഷം മുമ്പ് എയര്‍ ഇന്ത്യ വിമാനം ബോംബ് സ്ഫോടനത്തില്‍ തകര്‍ന്നത് ചന്ദ്ര ആര്യ ചൂണ്ടിക്കാറ്റുന്നു. 9/11 ന് മുമ്പുള്ള ഏറ്റവും വലിയ വ്യോമയാന ഭീകരതയായിരുന്നു അത്. കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാന്‍ ഭീകരനാണ് അത് ചെയ്യുന്നത്. കാനഡയിലെ ചില സ്ഥലങ്ങളില്‍ ഇപ്പോഴും ആ ഭീകരര്‍ ആരാധിക്കപ്പെടുന്നു എന്നതാണ് വസ്തുത എന്നും -ചന്ദ്ര ആര്യ പറഞ്ഞിട്ടുണ്ട്.
ടൊറന്റോയില്‍, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു ഫ്‌ലോട്ടില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ കട്ടൗട്ടില്‍ രണ്ട് കൊലയാളികള്‍ തോക്ക് ചൂണ്ടുന്നത് ദ്യശ്യവത്കരിച്ചിരുന്നു. ആക്രമണത്തെ ആഘോഷിക്കുന്ന ഒരു പൊതുവേദിയായിരുന്നു അത്. ഇതാണ് ഭീകരതയുടെ കാതല്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയുടെ കൊലപാതകം പ്രദര്‍ശിപ്പിക്കാനും ആഘോഷിക്കാനും അനുവദിച്ചു എന്നതാണ് ഇക്കാര്യത്തിൽ എടുത്ത് പറയേണ്ടത്.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സംസാര സ്വാതന്ത്ര്യത്തിന്റെയും പേരില്‍ മറ്റ് ഏത് രാജ്യമാണ് ഇത് അനുവദിക്കുന്നതെന്ന് ചന്ദ്ര ആചാര്യ ചോദിക്കുന്നു. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന തീവ്രവാദ സംഘടനയുടെ നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ ഹിന്ദു കനേഡിയന്‍മാര്‍ ഇന്ത്യയിലേക്ക് പോകണമെന്ന് ഭീഷണിപ്പെടുത്തി. ഇത്തരത്തിലുള്ള വിദ്വേഷ കുറ്റകൃത്യങ്ങള്‍ പരസ്യമായി നടക്കുന്നു – ചന്ദ്ര ആര്യ പറഞ്ഞു. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിനു പിന്നിൽ ഇന്ത്യന്‍ ഏജന്റുമാർ ആണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെ ത്തുടര്‍ന്നാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാവുന്നത്. എന്നാല്‍, ആരോപണങ്ങള്‍ ഇന്ത്യ തള്ളുകയായിരുന്നു.