Latest News
ഉഭയസമ്മത – ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18ൽ നിന്ന് 16 ആക്കി കുറക്കേണ്ട, നിയമ കമ്മീഷൻ
ന്യൂ ഡൽഹി . ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18ൽ നിന്ന് 16 ആക്കി കുറക്കേണ്ടെന്ന് നിയമകമ്മിഷന്റെ ശുപാർശ. പതിനെട്ടുവയസ്സിനു താഴെയുള്ളവർക്ക് കുട്ടികളുടെ അവകാശങ്ങൾ നിലനിർത്തണമെന്നാണ് നിയമ കമ്മീഷൻ ആവശ്യപ്പെടുന്നത്. പ്രായപരിധി 16 ആക്കിയാൽ അത്, ശൈശവ വിവാഹത്തിനും കുട്ടിക്കടത്തിനും എതിരായ നടപടികൾക്ക് തിരിച്ചടി ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്.
ഹീനകരമായ കുറ്റകൃത്യം ചെയ്യുന്നവരെ മുതിർന്നവരായി കണക്കാക്കണമെന്നും, കേസുകളുടെ സ്വഭാവമനുസരിച്ച് 16 മുതൽ 18 വയസ്സുവരെ പ്രായമുള്ളവരുടെ കാര്യത്തിൽ കോടതികൾ തീരുമാനം എടുക്കണമെന്നും നിയമ കമ്മീഷൻ ശുപാർശ ചെയ്യുന്നു. പോക്സോ നിയമപ്രകാരം ഉഭയസമ്മതത്തിനുള്ള പ്രായപരിധി സംബന്ധിച്ച് വർധിച്ചു വരുന്ന ആശങ്കകൾ പരിഹരിക്കണമെന്ന് കഴിഞ്ഞ ഡിസംബറിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് പാർലമെന്റിനോട് ആവശ്യപ്പെട്ടിരുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ നിയമ കമ്മീഷന്റെ ശുപാർശ തേടുന്നത്.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18 വയസ്സിൽ നിന്ന് 16 ആക്കി കുറയ്ക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതിയും നേരത്തെ കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചിരുന്നു. ചില കേസുകളിൽ പലപ്പോഴും ആൺകുട്ടികൾ ബലിയാടുകളാകുന്നു. ഈ സാഹചര്യത്തിൽ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം 18ൽ നിന്ന് 16 ആക്കി കുറയ്ക്കണമെന്നായിരുന്നു മധ്യപ്രദേശ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. 2013ൽ ക്രിമിനൽ നിയമത്തിൽ മാറ്റം വരുത്തിയതോടെയാണ് പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന്റെ പ്രായപരിധി 16ൽ നിന്ന് 18 ആക്കി ഉയർത്തുന്നത്.