Latest News
സ്‌ത്രീധനം 2 ലക്ഷം നൽകിയില്ല, ക്ലാസ് മുറിയിലെത്തി വിദ്യാർഥികൾക്ക് മുന്നിൽ അധ്യാപികയെ മുത്തലാഖ് ചൊല്ലി പ്രവാസി, കേസെടുത്ത് പോലീസ്
സ്‌ത്രീധനം നൽകിയില്ലെന്ന് ആരോപിച്ച് ക്ലാസ് മുറിയിലെത്തി വിദ്യാർഥികൾക്കു മുന്നിൽ അധ്യാപികയെ മുത്തലാഖ് ചൊല്ലി പ്രവാസിയായ ഭർത്താവ്. സംഭവത്തിൽ യുപി സ്വദേശിയ്‌ക്കെതിരെ പൊലീസ് കേസെടുത്ത പോലീസ് ഇയാളെ തേടിവരുകയാണ്. മുഹമ്മദ് ഷാഖില്‍ (40)എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
അധ്യാപിക കൂടിയായ ഭാര്യയെ കുട്ടികള്‍ക്ക് ക്ലാസ് എടുത്തുകൊണ്ടിരുന്ന സമയത്ത് എത്തി ഇയാള്‍ മുത്തലാഖ് ചൊല്ലുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം. തമന്ന എന്ന 23 കാരിയായ ഭാര്യയെയാണ് ഇയാള്‍ മുത്തലാഖ് ചൊല്ലി ഒഴിവാക്കിഎന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
2020 ലായിരുന്നു മുഹമ്മദ് ഷാഖിലും തമന്നയും വിവാഹിതരായത്. വിവാഹ ശേഷം ഷാഖിലിന്റെ വീട്ടുകാര്‍ സ്ത്രീധനമായി രണ്ട് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നല്‍കാന്‍ തന്റെ കുടുംബത്തിനാകില്ലെന്ന് തമന്ന പറഞ്ഞിരുന്നു. ഇതോടെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് തമന്ന താമസം മാറി. ഭര്‍ത്താവായ ഷാഖില്‍ ജോലിയ്ക്കായി സൗദി അറേബ്യയില്‍ പോയ സമയത്തായിരുന്നു ഇത് നടക്കുന്നത്.
‘ഭാര്യയെ അറിയിക്കാതെ ഷാഖില്‍ ഒരിക്കല്‍ സൗദിയില്‍ നിന്ന് എത്തി. ഷാഖിലിനെ കാണാനായി തമന്ന ശ്രമിച്ചു. എന്നാല്‍ ഷാഖിലിന്റെ വീട്ടുകാര്‍ അതിന് അനുവദിക്കുകയുണ്ടായില്ല. സ്വന്തം വീട്ടിലേക്ക് തമന്നയെ ഇവര്‍ പറഞ്ഞയച്ചു. തുടർന്ന് തമന്ന പ്രദേശത്തെ ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു,’ എന്നാണ് സംഭവം സംബന്ധിച്ച് കോട്വാളി എസ്എച്ച്ഒ സഞ്ജയ് മൗര്യ പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച നാട്ടിൽ എത്തിയ മുതല്‍ ബന്ധം വേര്‍പ്പെടുത്തുമെന്നായിരുന്നു ഷാഖിലിന്റെ ഭീഷണി. തുടര്‍ന്ന് ബുധനാഴ്ചയോടെ തമന്ന ജോലി ചെയ്യുന്ന സ്‌കൂളിലെത്തിയ ഷാഖില്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് മുത്തലാഖ് ചൊല്ലി തമന്നയെ ഒഴിവാക്കിയതായി പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. ഷാഖിലിനും ഇദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കുമെതിരെ തമന്ന പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഷാഖിലിന്റെ അമ്മയായ സാകിന, ഇയാളുടെ ആദ്യഭാര്യയിലുണ്ടായ മക്കളായ റാഷിദ്, മജീദ് എന്നിവര്‍ക്കെതിരെയാണ് തമന്ന പരാതി നല്‍കിയിട്ടുള്ളത്.