Entertainment
രഞ്ജിത്ത് രാജിവെക്കണം,’വ്യക്തി വൈരാഗ്യവും പകയും തീർക്കാനുള്ളതല്ല ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം’
തിരുവനന്തപുരം . സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിലെ ഇടപെടലിനെകുറിച്ച് മന്ത്രിക്ക് നല്‍കിയ പരാതിയില്‍ സംവിധായകന്‍ വിനയനു ഇതുവരെ മറുപടി നൽകിയിട്ടില്ല. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെക്കണമെന്ന് വിനയന്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. ഇക്കാര്യം താന്‍ ഉന്നയിച്ചതിന് പിന്നാലെ പല സംവിധായകരും തന്നെ വിളിച്ച് പിന്തുണ പ്രഖ്യാപിച്ചെന്നും വിനയന്‍ ഫേസ്ബുക്കിൽ കുറിച്ചു.
ജൂറി മെമ്പർമാരുടെ ശബ്ദസന്ദേശം ഉൾപ്പെടെ കൃത്യമായ തെളിവുകളുമായി കോടതിയിൽ പോയാൽ അക്കാദമി പുലിവാലുപിടിക്കും എന്നറിയാഞ്ഞിട്ടല്ല ഞാനതിനു പോകാഞ്ഞത്. അതെന്റെ നിലപാടായിരുന്നു. അതിനു ചില കാരണങ്ങളും ഉണ്ടായിരുന്നു. അക്കാദമി ചെയർമാൻ രഞ്ജിത് കാണിച്ച വൃത്തികേടിന് മറ്റു പലരും ബുദ്ധിമുട്ടേണ്ടതില്ലല്ലോ എന്നാണ് ഞാൻ കരുതിയത്’- വിനയന്റെ കുറിപ്പിൽ പറഞ്ഞിരിക്കുന്നു.
വിനയന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ.
പ്രിയമുള്ള എന്റെ സുഹൃത്തുക്കൾക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു. വളരെ അത്യാവശ്യമായ ഒരു കാര്യം നിങ്ങളുമായി പങ്കുവയ്കേണ്ടതുണ്ട് എന്നതു കൊണ്ടു കൂടിയാണ് ഇപ്പോളീ കുറിപ്പെഴുതുന്നത്…
ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ ഇത്തവണത്തെ സിനിമാ അവാർഡു നിർണ്ണയത്തിൽ തൻെറ പദവി ദുരുപയോഗം ചെയ്തുകൊണ്ട് ഇടപെട്ടു എന്ന ജൂറി മെമ്പർമാരുടെ തന്നെ വെളിപ്പെടുത്തലുകൾക്കു ശേഷം അതിനെക്കുറിച്ച് വലിയ ചർച്ച നമ്മുടെ നാട്ടിൽ നടന്നുവല്ലോ? ധാർമ്മികതയുടെ പേരിലാണങ്കിലും നിയമ പരമായിട്ടാണങ്കിലും തെറ്റു ചെയ്തു എന്ന് പകലു പൊലെ വ്യക്തമായ സാഹചര്യത്തിൽ ചെയർമാൻ സ്ഥാനം രാജി വയ്കുന്നതാണ് മാന്യത എന്നാണ് ഞാൻ അന്നും ഇന്നും പറയുന്നത്.
അല്ലാതെ കോടതിയിൽ കേസിനു പോകുമെന്നോ പ്രഖ്യാപിച്ച അവാർഡുകൾ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെടുമെന്നോ ഞാനൊരിടത്തും പറഞ്ഞിട്ടില്ല. ഒരു നിലപാടെടുത്താൽ യാതൊരു കാരണവശാലും ഞാനതിൽ നിന്നു മാറുകയില്ല എന്ന് എന്നെ മനസ്സിലാക്കിയിട്ടുള്ള സുഹൃത്തുക്കൾക്കറിയാം.
ജൂറി മെമ്പർമാരുടെ വോയിസ് ക്ലിപ്പ് ഉൾപ്പെടെ കൃത്യമായ തെളിവുകളുമായി കോടതിയിൽ പോയാൽ അക്കാദമി പുലിവാലുപിടിക്കും എന്നറിയാഞ്ഞിട്ടല്ല ഞാനതിനു പോകാഞ്ഞത്. അതെന്റെ നിലപാടായിരുന്നു… അതിനു ചില കാരണങ്ങളും ഉണ്ടായിരുന്നു. അക്കാദമി ചെയർമാൻ രഞ്ജിത് കാണിച്ച വൃത്തികേടിന് മറ്റു പലരും ബുദ്ധിമുട്ടേണ്ടതില്ലല്ലോ എന്നാണ് ഞാൻ കരുതിയത്.
പക്ഷേ സിനിമാക്കഥ പോലുള്ള ചില കോടതി നാടകങ്ങൾ നടത്തി നിയമത്തിന്റെ കണ്ണിൽ പൊടിയിട്ട് ആ പബ്ലിസിറ്റിയിൽ രക്ഷപെടാനുള്ള ശ്രമം മറു പക്ഷത്ത് നടക്കുന്നു എന്നത് പരിഹാസ്യമാണ്. ചില ഡമ്മി കക്ഷികളെ കണ്ടെത്തി യാതൊരു തെളിവും ഹാജരാക്കാതെ കോടതികളിൽ കേസുകൊടുപ്പിച്ചു തള്ളിക്കുക. ആ വാർത്ത കൊടുത്ത് താൻ തെറ്റുകാരനല്ലന്ന് വരുത്തി തീർക്കുക. ഈ തിരക്കഥ കാലഹരണപ്പെട്ടതാണന്ന് പറഞ്ഞു കൊള്ളട്ടെ.. ഇന്നു സുപ്രീം കോടതിയിൽ ചെല്ലുമ്പോൾ അവിടെ തടസ്സ ഹർജി കൊടുത്തു എന്നു കൂടി വാർത്തവന്നാൽ സംഗതി വളരെ വിശ്വസനീയമായി എന്നു ധരിക്കുന്നെങ്കിൽ അതിൽ ഇങ്ങനൊരു ചതി ഉണ്ടായിരുന്നു എന്ന് നിങ്ങളെ ധരിപ്പിക്കേണ്ടത് എന്റെ ആവശ്യമാണ്.
(വാൽ കഷ്ണം: നാറി നാണം കേട്ടാലും അധികാരത്തിന്റെ അപ്പ കഷ്ണത്തിൽ കടിച്ച് തൂങ്ങി, നവറിഞ്ഞ രുചി വേണ്ടെന്നു വെക്കാൻ ചിലർക്ക് മടിയാണ്, അവരാണ് ഡമ്മികളെ വെച്ച് തെളിവ് കൊടുക്കാതെ കേസ് കൊടുത്ത് കോടതികളെ കൊണ്ട് തള്ളിച്ച് നല്ലപിള്ള ചമയുന്നത്)