Latest News

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്, കൊട്ടിക്കലാശം ആവേശ കടലാക്കി മുന്നണികൾ

Published

on

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചരണത്തിന് കൊട്ടിക്കലാശം ആവേശ കടലാക്കി മുന്നണികൾ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് കൊട്ടിക്കലാശമായി. ഞായറാഴ്ച വൈകീട്ടോടെ പരസ്യപ്രചാരണം അവസാനിക്കുമ്പോൾ റോഡ‍് ഷോകൾ നടത്തി മുന്നണികള്‍ ആവേശം വാനോളമുയർത്തി. പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളിൽ പ്രവർത്തകരുടെ ആവേശവും അലയടിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസും എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാലും റോഡ് ഷോകളുമായി കളം നിറഞ്ഞുനിന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പ്രചരണത്തിന്‍റെ അവസാന നിമിഷവും വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു.

25 ദിവസകാലം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് പരിസമാപ്തിക്കുറിക്കുമ്പോൾ നൂറുകണക്കിന് പ്രവര്‍ത്തകരുമായാണ് മുന്നണികള്‍ പാമ്പാടിയിൽ എത്തിയത്. കൊട്ടിക്കലാശത്തിന്‍റെ അവസാന മണിക്കൂറുകളിൽ കെ സുധാകരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പോത്ത് പരാമർശവും, ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദ ഓഡിയോയുമാണ് ചർച്ചയായിരുന്നത്. പുതുപ്പള്ളിയിൽ സെപ്തംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണും.

പോത്ത് വിവാദവും ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട ഓഡിയോയുമാണ്‌ പുതുപ്പള്ളിയില്‍ ഞായറാഴ്ച ഏറെ ചർച്ചയായത്. മുഖ്യമന്ത്രി വായ മൂടികെട്ടിയ പോത്താണെന്നും തൊലിക്കട്ടിയുടെ കൂടുതൽ കൊണ്ടാണ് പുതുപ്പള്ളിയിൽ പ്രചരണത്തിന് എത്തിയതെന്നും തൊലിക്കട്ടി ഇല്ലെങ്കിൽ മുഖ്യമന്ത്രി എത്തില്ലെന്നും ആയിരുന്നു സുധാകരന്‍ പറഞ്ഞിരുന്നത്.

മന്ത്രി വാസവൻ സുധാകരന് മറുപടിയുമായി എത്തിയതോടെ ‘പോത്ത്’ പരാമർശം പിന്നെ കത്തി. പോത്ത് പരാമർശം ചേരുന്നത് സുധാകരന് തന്നെയാണെന്നും കെ പി സി സി പ്രസിഡന്റ് സ്ഥാനത്തിന് യോജിക്കാത്ത പരാമർശമാണ് നടത്തിയതെന്നുമാണ് വാസവൻ മറുപടി പറഞ്ഞത്. പ്രതികരിക്കേണ്ട കാര്യങ്ങളിൽ മുഖ്യമന്ത്രി പ്രതികരിച്ചിട്ടുണ്ടെന്നും പുതുപ്പള്ളിയിൽ യുഡിഎഫിന് അരലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം കിട്ടുമെന്നത് സ്വപ്നം മാത്രമാണെന്നും വാസവന്‍ പറയുകയുണ്ടായി.

ഉമ്മൻ ചാണ്ടിയുടെ അവസാന നാളുകളിൽ ചികിത്സയിൽ പിഴവ് വരുത്തിയെന്നും ഉമ്മൻ ചാണ്ടിക്ക് പ്രിയപ്പെട്ടവരെ പോലും കാണാൻ കുടുംബം അനുവദിച്ചില്ലെന്നുമുള്ള ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം മുതൽ സൈബർ ഇടങ്ങളിൽ പ്രചരിച്ചു വരുകയാണ്. രണ്ട് കോണ്‍ഗ്രസ് നേതാക്കൾ തമ്മിലുള്ള സംഭാഷണം എന്ന നിലയിലാണ് ഇത് പ്രചരിച്ചിരുന്നത്. വേട്ടയാടൽ ഏശില്ലെന്നും മനസ്സാക്ഷിയുടെ കോടതിയിൽ പരിശുദ്ധനാണെന്നുമാണ് ചാണ്ടി ഉമ്മന്‍ ഇതിനോട് പ്രതികരിച്ചത്. ഒരു മകൻ എന്ന നിലയിൽ പിതാവിന് എല്ലാ ചികിത്സയും നൽകിയിട്ടുണ്ട്. സി പി എം വ്യാജ ഓഡിയോകൾ പ്രചരിപ്പിക്കുന്നെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version