Latest News
ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളുടെ വിലക്ക്, സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നു
ന്യൂഡൽഹി . ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ആജീവനാന്തം വിലക്കണമെന്ന അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിശദമായി വാദം കേൾക്കാൻ തീരുമാനിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ തീരുമാനം.
രാഷ്ട്രീയത്തിലെ ക്രിമിനൽ വത്ക്കരണത്തിനെതിരായ പൊതുതാത്പര്യ ഹർജി കഴിഞ്ഞ ദിവസം പരിഗണിച്ചപ്പോൾ ശക്തമായ വാദമുഖങ്ങളാണ് അമിക്കസ് ക്യൂറി അഡ്വ. വിജയ് ഹൻസാരിയ ഉന്നയിച്ചത്. ക്രിമിനൽ കേസുകളിൽ രണ്ട് വർഷം തടവ് മുതൽ മുകളിലോട്ട് ശിക്ഷ ലഭിച്ചാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ദിവസം മുതൽ അയോഗ്യത നിലവിൽ വരും. ജയിൽ മോചിതനാകുന്ന അന്ന് മുതൽ ആറു വർഷത്തേക്ക് അയോഗ്യത തുടരും. ഈ വകുപ്പ് ഭരണഘടനാ വിരുദ്ധവും, ഏകപക്ഷീയവുമാണെന്നാണ് അമിക്കസ് ക്യൂറി വാദിച്ചത്.
അഴിമതി, ലഹരിക്കടത്ത്, ഭീകരത തുടങ്ങിയ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് പോലും മോചിതരായി ആറ് വർഷത്തിന് ശേഷം തിരഞ്ഞെടുപ്പിൽ മത്സരിച്ച് നിയമനിർമ്മാണ സഭകളിൽ വീണ്ടും അംഗമാക്കാവുന്ന അവസരമാണ് നിലവിലുള്ളത്. എം.പിമാരും എം.എൽ.എമാരും പ്രതികളായ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ നടപടി വേണമെന്ന ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാദ്ധ്യായയുടെ ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി.
അമിക്കസ് ക്യൂറി മുന്നോട്ടു വെച്ച ശുപാർശകൾ ഇങ്ങനെ. ജനപ്രതിനിധികൾ പ്രതികളായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതികളിൽ നിന്ന് പ്രതിമാസ റിപ്പോർട്ടുകൾ തേടണം, പ്രത്യേക കോടതികൾ ഹൈക്കോടതിക്ക് റിപ്പോർട്ട് കൈമാറണം, അഞ്ച് വർഷത്തിലധികം പഴക്കമുള്ള കേസുകളിൽ വിചാരണ വൈകിയാൽ കാരണം വ്യക്തമാക്കണം