Latest News
ജി20 ഉച്ചകോടി നടക്കാനിരിക്കെ, ഡല്‍ഹി മെട്രോ ചുവരുകളില്‍ ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍
ഡല്‍ഹിയിലുടനീളം നിരവധി മെട്രോ സ്റ്റേഷനുകളുടെ ചുവരുകളില്‍ ഖാലിസ്ഥാന്‍ അനുകൂല ഗ്രാഫിറ്റി വരച്ച് വികൃതമാക്കി. സെപ്റ്റംബര്‍ 9-10 തീയതികളില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായാണ് ഈ സംഭവം എന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം. ഉദ്യോഗ് നഗര്‍, മഹാരാജ സൂരജ്മല്‍ സ്റ്റേഡിയം, പഞ്ചാബി ബാഗ്, ശിവാജി പാര്‍ക്ക്, മാഡിപൂര്‍, പശ്ചിമ വിഹാര്‍, എന്നിവയുള്‍പ്പെടെയുള്ള മെട്രോ സ്റ്റേഷനുകളുടെ ചുവരുകളിലാണ് ‘ഡല്‍ഹി ബനേഗാ ഖാലിസ്ഥാന്‍’, ‘ഖാലിസ്ഥാന്‍ റെഫറണ്ടം സിന്ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കറുപ്പ് നിറത്തില്‍ ഗ്രാഫിറ്റി ചെയ്തിട്ടുള്ളതെന്നു പോലീസ് പറഞ്ഞു.
ശിവാജി പാര്‍ക്ക്, പഞ്ചാബി ബാഗ് എന്നിവയുള്‍പ്പെടെ ഒന്നിലധികം മെട്രോ സ്റ്റേഷനുകളില്‍ നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്‌ജെ) പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടായിരുന്നെന്നും ഇവരാണ് ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതിയതെന്നും ഡല്‍ഹി പോലീസ് പറഞ്ഞിട്ടുണ്ട്. നംഗ്ലോയിലെ സര്‍ക്കാര്‍ സര്‍വോദയ ബാല വിദ്യാലയത്തിന്റെ ചുവരിലും ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകള്‍ കണ്ടെത്തിയിരിക്കുകയാണ്.
മെട്രോ സ്റ്റേഷനുകളുടെ ചുവരുകളില്‍ എഴുതിയിരിക്കുന്ന ചുവരെഴുത്തുകളെല്ലാം നീക്കം ചെയ്തതായി ഡിസിപി (മെട്രോ) അറിയിച്ചു. ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ വിഷയത്തില്‍ ഇടപെടുകയും വിവിധ സ്ഥലങ്ങളില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് എത്രയും വേഗം പ്രതികളെ പിടികൂടാനുളള ശ്രമം നടത്തുകയാണ് പോലീസ്.
നിരവധി ഡല്‍ഹി മെട്രോ സ്റ്റേഷനുകളുടെ ചുവരുകളില്‍ സിഖ് ഫോര്‍ ജസ്റ്റിസ്, (എസ്എഫ്‌ജെ) ഖാലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകള്‍ എഴുതി വികൃതമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതായും ഡൽഹി പോലീസ് പറഞ്ഞിട്ടുണ്ട്. ഡല്‍ഹിയില്‍ ജി20 ഉച്ചകോടി നടക്കുന്ന സെപ്തംബര്‍ 10ന് കാനഡയിലെ സറേയില്‍ ഖാലിസ്ഥാന്‍ ഹിതപരിശോധന നടത്തുമെന്ന് അതിന്റെ തലവന്‍ ഗുര്‍പത്വന്ത് സിംഗ് പന്നു വീഡിയോയില്‍ അറിയിക്കുകയും ഉണ്ടായി.
(വാൽ കഷ്ണം: ഖാലിസ്ഥാൻ വാദികൾക്ക് ഇനിയും അഴിഞ്ഞാടാൻ അവസരം കൊടുക്കരുത്, ഭാരത മണ്ണിൽ നിന്ന് അവരെ തുടച്ച് നീക്കണം)