Latest News
ചെങ്കോട്ടയില്‍ വികസന നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ അടുത്തവര്‍ഷവും എത്തും, മൂന്നാമതും അധികാരത്തിലേറും, പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂദല്‍ഹി . മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത തവണ, ഓഗസ്റ്റ് 15 ന്, ഈ ചെങ്കോട്ടയില്‍ നിന്ന് ഞാന്‍ രാജ്യത്തിന്റെ നേട്ടങ്ങളും വികസനങ്ങളും നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും – പ്രധാനമന്ത്രി പറഞ്ഞു. വികസന നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ അടുത്തവര്‍ഷവും ചെങ്കോട്ടയില്‍ എത്തുമെന്ന്, അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
2019-ല്‍ നിങ്ങള്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ എന്നെ ഒരിക്കല്‍ കൂടി അനുഗ്രഹിച്ചു. അഭൂതപൂര്‍വമായ വികസനത്തിനാണ് അടുത്ത അഞ്ച് വര്‍ഷം ലക്ഷ്യമിടുന്നത്. 2047ല്‍ വികസിതരാജ്യം എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഏറ്റവും വലിയ സുവര്‍ണ്ണ നിമിഷം വരുന്ന അഞ്ച് വര്‍ഷമാണ്. ഇന്ത്യയുടെ പ്രതിരോധമേഖല സുശക്തമാണ്. ഭീകരാക്രമണങ്ങള്‍ വലിയ രീതിയില്‍ കുറയ്ക്കാന്‍ കഴിഞ്ഞു, പ്രധാനമന്ത്രി പറഞ്ഞു.
അഴിമതി, സ്വജനപക്ഷപാതം, പ്രീണനം എന്നിവയാണ് രാജ്യത്തെ പ്രധാന തിന്മകള്‍. ഇവയ്ക്കെതിരെ പോരാടണം. 2047ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍ ഇന്ത്യ ഒരു വികസിത രാജ്യമായിരിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. ഈ ബാഗില്‍ തൊടരുത് എന്ന മുന്നറിയിപ്പുകള്‍ നമ്മളെ അസ്വസ്ഥരാക്കിയ കാലമുണ്ടായിരുന്നു, ഇന്ന് സ്ഥിതി മാറി. പ്രതിരോധ സേനകളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി, ഇന്ത്യ കൈവരിച്ച സാമ്പത്തിക പുരോഗതിയാണ് പ്രതിരോധമേഖലയെ ശക്തിപ്പെടുത്തുന്നതിന് സഹായിച്ചതെന്ന് കൂടി മോദി വ്യക്തമാക്കി.