Latest News
വീണാ ജോർജ് ‘അന്തോം കുന്തോം തിരിയാത്ത സാധനം’ കെ എം ഷാജിക്കെതിരെ കേസെടുത്ത് പോലീസ്
കോഴിക്കോട് . ആരോഗ്യമന്ത്രി വീണ ജോർജിനെ ‘അന്തോം കുന്തോം തിരിയാത്ത ഒരു സാധനം’ എന്ന് ആക്ഷേപിച്ച മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ പോലീസും വനിതാ കമ്മീഷനും കേസെടുത്തു.
കെ.എം.ഷാജിയുടെ അധിക്ഷേപ പരാമർശത്തിൽ മറുപടി പറയാനില്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചിട്ടുള്ളത്. പ്രതികരിക്കേണ്ട കാര്യമില്ലെന്നും താൻ നല്ല ജോലിത്തിരക്കിലാണെന്നും ആണ് വീണ ജോർജ് പറഞ്ഞത്. കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ മന്ത്രിയെ കെ.എം.ഷാജി ‘അന്തോം കുന്തോം തിരിയാത്ത ഒരു സാധനം’ എന്ന് പറഞ്ഞു ആക്ഷേപിക്കുകയായിരുന്നു.
മുൻ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയെ പുകഴ്ത്തിക്കൊണ്ടാണ്, ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണ ജോർജിനെ കെ.എം.ഷാജി കടുത്ത ഭാഷയിൽ വിമർശിക്കുന്നത്. ഷാജി പറഞ്ഞത് ഇങ്ങനെ.’ഇപ്പോൾ ഒരു ആരോഗ്യമന്ത്രിയുണ്ട്. നേരത്തേ ആ ഷൈലജ ടീച്ചർ വലിയ പ്രഗദ്ഭയൊന്നുമല്ലെങ്കിൽ, നല്ലൊരു സംഘാടകയായിരുന്നു. പക്ഷേ, അവരെ വെട്ടിക്കളഞ്ഞു. അവർ മന്ത്രിസഭയിൽ വന്നില്ല. പിന്നെ ആരാ വന്നത്? ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാ ജോർജാണ്. എന്താ യോഗ്യത? ഈ കപ്പൽ കുലുങ്ങില്ല സാർ…എന്നത് നല്ല പ്രസംഗമായിരുന്നു. ആ പ്രസംഗത്തിനുള്ള സമ്മാനമാണ് കിട്ടിയത്. അന്തോം കുന്തോം തിരിയാത്ത ഒരു സാധനമാണ് ഇപ്പോൾ കേരളത്തിൽ ആരോഗ്യവകുപ്പിന്റെ തലപ്പത്തുള്ള ഈ മന്ത്രി. അവർക്ക് ഒരു കുന്തോം അറിയില്ല. ഇങ്ങനെ വാചകമടിച്ചും മുഖ്യമന്ത്രിയെ സ്തുതിച്ചും നടക്കാമെന്നല്ലാതെ ഒന്നിനും കഴിയില്ല.’ എന്നായിരുന്നു ഷാജി പറഞ്ഞത്. സംഭവത്തില്‍ കെ.എം. ഷാജിക്കെതിരെ കേരള വനിതാ കമ്മിഷന്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞിട്ടുണ്ട്.