Latest News
പിണറായി വിജയനും ഭാര്യ കമലാ വിജയനും ഇന്ന് നാല്‍പ്പത്തിനാലാം വിവാഹ വാർഷികം
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലാ വിജയനും ഇന്ന് നാല്‍പ്പത്തിനാലാം വിവാഹ വാർഷികം. 1979 സെപ്തംബര്‍ രണ്ടിനായിരുന്നു അന്ന് കൂത്തു പറമ്പ് എം എല്‍ എ ആയിരുന്ന പിണറായി വിജയന്‍, തൈക്കണ്ടിയില്‍ ആണ്ടിമാസ്റ്ററുടെ മകളും തലശേരി സെന്റ് ജോസഫ് ഹൈസ്‌കൂള്‍ അധ്യാപികയുമായ കമലയെ വിവാഹം കഴിക്കുന്നത്.
തലശേരി ടൗണ്‍ഹാളില്‍ വച്ചു നടന്ന വിവാഹത്തിന്റെ ക്ഷണക്കത്ത് അന്നത്തെ സി പി എം ജില്ലാ സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെ പേരിലായിരുന്നു. ‘സ. പിണറായി വിജയനും തൈക്കണ്ടിയില്‍ ആണ്ടിമാസ്റ്ററുടെ മകള്‍ ടി.കമലയും തമ്മിലുള്ള വിവാഹം 1979 സെപ്തംബര്‍ 2-ാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് തലശ്ശേരി ടൗണ്‍ ഹാളില്‍ വച്ച് നടക്കുന്നതാണ്. താങ്കളുടെ സാന്നിദ്ധ്യം അഭ്യര്‍ത്ഥിക്കുന്നു’ എന്നായിരുന്നു ക്ഷണക്കത്തിലെ വാചകങ്ങള്‍.
സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ കെ നയനാര്‍ ആയിരുന്നു വിവാഹ ചടങ്ങിന്റെ പ്രധാന കാര്‍മ്മികന്‍. പരസ്പരം മാലയിട്ടായിരുന്നു വിവാഹം. എത്തിയവര്‍ക്കെല്ലാം ചായയും ബിസ്‌കറ്റും ആണ് നല്‍കിയത്. വടകര ഒഞ്ചിയം സ്വദേശിയാണ് പിണറായിയുടെ ഭാര്യ കമല.
വിവാഹിതനാകുമ്പോള്‍ കൂത്തുപറമ്പ് എംഎല്‍എയും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു പിണറായി വിജയന്‍. അടിയന്തരാവസ്ഥക്കാലത്തെ ജയിൽവാസത്തിനും ശേഷമായിരുന്നു തൈക്കണ്ടിയില്‍ ആണ്ടിമാഷുടെ മകള്‍ ടി കമലയുമായുള്ള പിണറായി വിജയന്‍റെ വിവാഹം.