Latest News

മാസപ്പടി വിവാദത്തില്‍ പിണറായി രാജി വെച്ച് അന്വേഷണത്തെ നേരിടണം, സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത്

Published

on

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണാ വിജയന് എതിരായി ഉണ്ടായിരിക്കുന്ന മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി രാജിവക്കണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒറ്റകെട്ടായി രംഗത്ത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ ഇന്‍കംടാക്‌സ് ഇന്ററിംഗ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ പരാമര്‍ശം ജനാധിപത്യ കേരളത്തെ ഞെട്ടിപ്പിക്കുന്നതാനെന്നും, ഭരണഘടനാപദവിയില്‍ ഇരിക്കുന്ന ഒരാള്‍ പുലര്‍ത്തേണ്ട ജാഗ്രതയോ മര്യാദയോ പാലിക്കുന്നതില്‍ മുഖ്യമന്ത്രിക്കു വീഴ്ച്ചയുണ്ടാക്കിയെന്നും, അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അന്വേഷണത്തെ നേരിടണമെന്നും സാംസ്‌കാരി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.

സാംസ്കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവനയുടെ പൂർണ രൂപം ഇങ്ങനെ: ഇന്‍കംടാക്‌സ് ഇന്ററിംഗ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ സി എം ആര്‍ എല്ലിനെതിരായ വിധിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചും അദ്ദേഹത്തിന്റെ മകളും എക്‌സാലോജിക് കമ്പനി ഉടമയുമായ വീണാ തൈക്കണ്ടിയിലിനെക്കുറിച്ചും നടത്തിയ പരാമര്‍ശവും കണ്ടെത്തലും ജനാധിപത്യ കേരളത്തെ ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിക്കുമെതിരെ ജൂഡീഷ്യല്‍ സ്വഭാവമുള്ള സ്ഥാപനങ്ങളില്‍ നിന്ന് മുമ്പെങ്ങും ഇതുപോലെ ഒരു കുറ്റാരോപം ഉണ്ടായിട്ടില്ല. വെറും ആരോപണമല്ല, ഇന്‍കം ടാക്‌സ് റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധനയില്‍ തെളിഞ്ഞ കാര്യങ്ങളാണ് ബോര്‍ഡിന്റെ വിധിയില്‍ കാണുന്നത്.

ഭരണഘടനാപദവിയില്‍ ഇരിക്കുന്ന ഒരാള്‍ പുലര്‍ത്തേണ്ട ജാഗ്രതയോ മര്യാദയോ പാലിക്കുന്നതില്‍ മുഖ്യമന്ത്രിക്കു വീഴ്ച്ചയുണ്ടായി എന്നു വ്യക്തം. അതു ബോധപൂര്‍വ്വമായ കുറ്റകൃത്യമായിരുന്നു എന്നു കരുതാന്‍ കേരളീയ ജനാധിപത്യ ബോധത്തിനു കനത്ത ഞെട്ടലോടെ മാത്രമേ സാധിക്കൂ. അതിനാല്‍, ഉചിതമായ അന്വേഷണ ഏജന്‍സികള്‍ കേസ് ഏറ്റെടുക്കണം. ഉന്നത നീതിപീഠത്തിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണം. അതു നിര്‍വ്വഹിക്കുംവരെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പിണറായി വിജയന്‍ ഒഴിഞ്ഞു നില്‍ക്കണം. ജനാധിപത്യ ധാര്‍മ്മികതയും നീതിബോധവും അത് ആവശ്യപ്പെടുന്നുണ്ട്.

വിഷയം മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായതിനു ശേഷം ഒരുതരത്തിലുള്ള വിശദീകരണവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഈ ദീര്‍ഘമായ മൗനം കുറ്റകരമായേ കാണാന്‍പറ്റൂ. പൗരസമൂഹത്തോടു മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമുള്ള ബാദ്ധ്യത നിറവേറ്റപ്പെടുന്നില്ല. ഇന്ററിംഗ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ ചില പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ പേരുകളും പരാമര്‍ശിക്കുന്നുണ്ട്. അവര്‍ കോഴ കൈപ്പറ്റിയതു സംബന്ധിച്ച് അന്വേഷിക്കാന്‍ സര്‍ക്കാറിനു ബാദ്ധ്യതയുണ്ട്. താന്‍ വീണുകിടക്കുന്ന,അഴിമതിയുടെ കയത്തില്‍തന്നെ പ്രതിപക്ഷവും വീണു കാണുന്നതിന്റെ ആനന്ദത്തിലാവണം മുഖ്യമന്ത്രി. അതിനാല്‍ വലിയ എതിര്‍പ്പുകൂടാതെ പ്രശ്‌നം മറവിയില്‍ ലയിക്കുമെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടാവണം. എന്നാല്‍ നീതിബോധമുള്ള ഒരാള്‍ക്കും അതിനു കൂട്ടുനില്‍ക്കാന്‍ കഴിയില്ല. ആവശ്യമായ അന്വേഷണം കൂടിയേ കഴിയൂ. അതുണ്ടാവണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

യു കെ കുമാരന്‍, ബി രാജീവന്‍, എം എന്‍ കാരശ്ശേരി, കല്‍പ്പറ്റ നാരായണന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, സാവിത്രി രാജീവന്‍, കെ സി ഉമേഷ്ബാബു, വി എസ് അനില്‍കുമാര്‍, സി ആര്‍ നീലകണ്ഠന്‍, ഉമ്മര്‍ തറമേല്‍, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്, ആര്‍ട്ടിസ്റ്റ് ചന്ദ്രശേഖരന്‍, ആസാദ്, കെ കെ സുരേന്ദ്രന്‍, പി ഇ ഉഷ, ഡി പ്രദീപ്കുമാര്‍, കെ എസ് ഹരിഹരന്‍, ശാലിനി വി എസ്, എന്‍ പി ചെക്കുട്ടി, വി കെ സുരേഷ്, എം സുരേഷ്ബാബു, ജ്യോതി നാരായണന്‍, ജലജ മാധവന്‍, എന്‍ വി ബാലകൃഷ്ണന്‍, ദീപക് നാരായണന്‍, രവി പാലൂര്‍, വേണുഗോപാലന്‍ കുനിയില്‍, ജോസഫ് സി മാത്യു എന്നിവർ ഈ സയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version