Culture
ഗണപതിയെ അധിക്ഷേപിച്ച സ്പീക്കറുടെ പരാമര്‍ശത്തിന് പിറകെ ഗണേശോത്സവത്തിനെതിരെ പിണറായി സർക്കാർ
തിരുവനന്തപുരം . ഗണപതിയെ അധിക്ഷേപിച്ച സ്പീക്കറുടെ പരാമര്‍ശത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ ഒടുങ്ങുന്ന മുൻപേ ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായ ഗണേശോത്സവത്തിനെതിരേയും പിണറായി സർക്കാർ. സംസ്ഥാന സർക്കാരിന്റെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ക്കുലറാണ് വിവാദമായിരിക്കുന്നത്.
നിമജ്ജനത്തിനുള്ള വിഗ്രഹങ്ങള്‍ കഴിയുന്നതും കളിമണ്ണിലുള്ളവയായിരിക്കണമെന്നും കലാ കാലങ്ങളായി നിമജ്ജനത്തിനുപയോഗിച്ചു വന്നിരുന്ന നദികൾ പുഴകൾ എന്നിവ നിമജ്ജനത്തിനുപയോഗിക്കരുതെന്നുമാണ് സര്‍ക്കുലർ പറയുന്നത്. തമിഴ് നാട്ടിൽ സ്റ്റാലിൻ സർക്കാർ കൊണ്ടുവന്ന ഉത്തരവിന്റെ മറ്റൊരു പതിപ്പിലൂടെ ഗണേശോത്സവ ചടങ്ങുകള്‍ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതിന്റെ പിന്നിലെന്നാണ് ആരോപണം ഉയരുന്നത്.
പ്ലാസ്റ്റര്‍ ഓഫ് പാരീസ്, പ്ലാസ്റ്റിക്, തെര്‍മോകോള്‍ എന്നിവ കൊണ്ടുള്ള വിഗ്രഹങ്ങള്‍ നിമജ്ജനത്തിനുപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദേശത്തിനു പിന്നാലെ സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റു ചില നിയന്ത്രണങ്ങളാണ് വിശ്വാസ സമൂഹത്തെ കുഴക്കിയിരിക്കുന്നത്. കിണറുകള്‍, തടാകങ്ങള്‍, നദികള്‍ എന്നിവ നിമജ്ജനത്തിനുപയോഗിക്കരുത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ദിഷ്ട സ്ഥലങ്ങളിലുണ്ടാക്കുന്ന കുളങ്ങള്‍ മാത്രം നിമജ്ജനത്തിനുപയോഗിക്കണമെന്നത് ആഘോഷം തടയുകയെന്ന ലക്ഷ്യത്തോടെയാണെന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു.
ഒഴുക്കുള്ള ജലാശയങ്ങളിലാണ് വിഗ്രഹ നിമജ്ജനം എല്ലാ വര്‍ഷവും നടത്താറുള്ളത്. കാലാ കാലങ്ങളായുള്ള വിശ്വാസത്തിന്റെ ഭാഗം കൂടിയാണിത്. തദ്ദേശ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന കുളങ്ങളില്‍ നിമജ്ജനം ചെയ്യണമെന്ന ഉത്തരവ് ഒരു തരത്തിലും പ്രായോഗികമായി കാണാനാവില്ല. തദ്ദേശ സ്ഥാപനങ്ങളുടെ കുളങ്ങള്‍ ഏറെയും മലിന ജലം കെട്ടിക്കിടന്ന് രോഗം പരത്തുന്ന അവസ്ഥയിലാണ് ഉള്ളത്.
നിമജ്ജനത്തിനു മുമ്പായി വിഗ്രഹത്തില്‍ അണിയിച്ചിട്ടുള്ള വസ്ത്രങ്ങള്‍, മോടി പിടിപ്പിക്കാനുള്ള മാലകള്‍, പൂക്കള്‍, ഇലകള്‍, മറ്റു വസ്തുക്കള്‍ എന്നിവ മാറ്റണമെന്നും ഉത്തരവിൽ പറഞ്ഞിരിക്കുന്നു. വിഗ്രഹങ്ങള്‍ നിറമുള്ളവയാകരുതെന്നും കഴിവതും ചെറിയ വിഗ്രഹങ്ങള്‍ മാത്രം നിമജ്ജനത്തിനുപയോഗിക്കണമെന്നും നിർദേശിച്ചിരിക്കുകയാണ്. നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കരുത്. വലിയ ശബ്ദമുള്ള, അധികം പുക പുറന്തള്ളുന്ന പടക്കങ്ങള്‍ പാടില്ല. രാത്രി 10നും രാവിലെ ആറിനുമിടെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും സര്‍ക്കുലറിൽ പറഞ്ഞിട്ടുണ്ട്.