Latest News
ഭരണപ്പിടി മുറുക്കി എം എൽ എ, കക്കാടം പൊയിലിൽ പിവി അൻവർറുടെ പാർക്ക് തുറക്കാൻ അനുമതി
കക്കാടം പൊയിലിൽ പിവി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള പാർക്ക് തുറക്കാൻ അനുമതി നൽകി അധികൃതർ. 2019 ൽ നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് പൂട്ടിയ പാർക്കിനാണ് ഇപ്പോൾ വിചിത്രമെന്നോണം പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ പിന് ബലത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്. പാര്‍ക്ക് നില്‍ക്കുന്ന സ്ഥലം നിരപ്പുള്ളതും പാരിസ്ഥിതിക പ്രശ്നങ്ങളില്ലാത്തതാണെന്നുമായിരുന്നു സമിതിയുടെ റിപ്പോർട്ട്.
എന്നാൽ പാർക്കിലെ റൈഡുകളുടെയും കോണ്‍ക്രീറ്റ് ഭിത്തിയുടേയും ബലം പരിശോധിക്കാൻ നിർദേശിച്ചിരുന്നു. 2019 ൽ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാർക്ക് പൂട്ടിക്കുന്നത്. പാർക്ക് ഭാഗികമായി തുറക്കാനാണ് ഇപ്പോൾ അനുമതി നൽകിയത്. ടുറിസം വികസനത്തിന്റെ മറവിലാണ് ഇത്. ആദ്യം കുട്ടികളുടെ പാർക്കും പുൽമേടും തുറന്ന് നൽകാനാണ് നീക്കം. ഘട്ടം ഘട്ടമായി പാർക്ക് മുഴുവൻ തുറക്കാനാണ് ലക്ഷ്യമിടുന്നത്.
അതേസമയം പി.വി. അൻവർ എംഎൽഎ നിയമലംഘനം നടത്തിയെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സ്ഥിരീകരിച്ചിരുന്നതെല്ലാം ഇപ്പോൾ കാറ്റിൽ പറത്തിയിരിക്കുകയാണ്. എംഎൽഎയുടെ കക്കാടംപൊയിൽ പാർക്കിൽ അനധികൃത നിർമാണങ്ങളുണ്ടെന്നു 2019 മാർച്ചിലെ കളക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നതാണ്. അനധികൃതമായി നിർമിച്ചവ ഉടൻ പൊളിച്ചു മാറ്റണമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
പി.വി.അൻവർ എംഎൽഎക്ക് അനധികൃത ഭൂമി കൈവശമുണ്ടെന്നും കളക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ അന്ന് വ്യക്തമാക്കിയിരുന്നു. എംഎൽഎക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നതാണ്. വാട്ടർ തീംപാർക്ക് പ്രവർത്തിക്കാനുള്ള അന്തിമ സാക്ഷ്യപത്രം ലഭ്യമാക്കിയിട്ടില്ലെന്നും പാർക്ക് നിർമാണത്തിൽ അംഗീകരിച്ച പ്ലാനിൽ വ്യത്യാസമുണ്ടായെന്നും കളക്ടര്‍ കണ്ടെത്തിയിരുന്നതുമാണ്.
(വൽകഷ്ണം : അൻവറിന്റെ പാർക്കിന്റെ നിയമ ലംഘനങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്ത ജില്ലാ കളക്ടർ ഉൾപ്പടെയുള്ളവർ ചെയ്തത് പാഴ്വേലയായി, ഭരണവും പാർട്ടിയുമുണ്ടെങ്കിൽ കേരളത്തിൽ എന്ത് നിയമ ലംഘനങ്ങളും നടത്താം)