Crime

പാലക്കാട് യുവാക്കൾ മരിച്ചത് വൈദ്യുതി കെണിയിൽ പെട്ട്, സ്ഥലം ഉടമ അറസ്റ്റിലായി

Published

on

പാലക്കാട് . പാലക്കാട് ജില്ലയിലെ കൊടുമ്പ് പാൽനീരി കോളനിക്ക് സമീപം യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച സ്ഥലം ഉടമ അറസ്റ്റിലായി. കാട്ടുപന്നിയെ കുടുക്കാൻ ഒരുക്കിയ വൈദ്യുതിക്കെണിയിൽ പെട്ടാണ് യുവാക്കൾ മരിച്ചതെന്നും മൃതദേഹങ്ങൾ കണ്ടപ്പോഴുണ്ടായ പരിഭ്രാന്തിയിൽ കുഴിച്ചിടുകയായിരുന്നു എന്നാണ് സ്ഥലം ഉടമയുടെ മൊഴി. സ്ഥലം ഉടമ അമ്പലപ്പറമ്പ് വീട്ടിൽ അനന്തൻ(52) ആണ് സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലായിരിക്കുന്നത്.

ബുധനാഴ്ച വൈകിട്ടോടെയാണ് കൊടുമ്പ് കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാൽനീരി കോളനിക്കു സമീപത്തെ നെൽപാടത്തു 2 യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തുന്നത്. പുതുശ്ശേരി കാളാണ്ടിത്തറയിൽ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് (22) എന്നിവർ മരണപെട്ടെന്നാണ് കരുതുന്നത്

ഞായറാഴ്ച രാത്രി വേനോലിയിൽ ഒരു സംഘവുമായുണ്ടായ സംഘട്ടനത്തെത്തുടർന്നു സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ കസബ പൊലീസ് ഒരു കേസെടുത്തിരുന്നു. അന്വേഷണം നടക്കുന്നതിനിടെ 4 പേരും അമ്പലപ്പറമ്പിൽ സതീഷിന്റെ ബന്ധുവീട്ടിലെത്തിയിരുന്നു. പൊലീസ് സ്ഥലത്തെത്തിയെന്നു ഭയപ്പെട്ടു ചൊവ്വാഴ്ച ഇവർ ബന്ധുവീട്ടിൽ നിന്നു പാടത്തേക്കിറങ്ങിയോടി. അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു ദിക്കിലേക്കുമാണ് ഓടുന്നത്. അഭിനും അജിത്തും പിന്നീട് വേനോലിയിൽ എത്തിയെങ്കിലും സതീഷിനെയും ഷിജിത്തിനെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഫോൺ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെ അഭിനും അജിത്തും കസബ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽക്കുകയായിരുന്നു.

പൊലീസ് സംഘം ഈ പ്രദേശത്ത് നടത്തിയ തിരിച്ചിലിനിടയിലാണ് പാടത്തു മണ്ണ് ഇളകിയ നിലയിൽ കാണുന്നത്. മണ്ണു നീക്കിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടെത്തുന്നത്. സ്ഥലമുടമയെ ചോദ്യം ചെയ്തതോടെ കാട്ടുപന്നിയെ കുടുക്കാൻ വച്ച വൈദ്യുതിക്കെണിയിൽപെട്ടാണ് ഇരുവരും മരിച്ചതെന്നു സ്ഥീരീകരിച്ചു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ‌ക്കു ശേഷം പോസ്റ്റുമോർട്ടത്തിന് അയയ്ക്കും. യുവാക്കളുടെ മരണത്തിനു പിന്നിൽ‌ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version