Crime
ഓവർസിയർ കെഎസ്ഇബി ഓഫീസിൽ മദ്യപിച്ച് എത്തി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ കാർ അടിച്ചു തകർത്തു
ഇരിങ്ങാലക്കുട . കെഎസ്ഇബി ഓഫീസിൽ മദ്യപിച്ച് എത്തിയ ഓവർസിയർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ കാർ അടിച്ചു തകർത്തു. ഓവർസീയർമാർ തമ്മിലുള്ള തർക്കത്തിനിടെ ആളുമാറി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ കാർ അടിച്ചു തകർക്കുകയായിരുന്നു.
സംഭവത്തിൽ ബസ് സ്റ്റാന്റിന് സമീപം പ്രവർത്തിക്കുന്ന നമ്പർ വൺ സെക്ഷൻ ഓഫീസിലെ ഓവർസിയർ കോലഴി സ്വദേശി പട്ടത്ത് ജയപ്രകാശിനെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കരുവന്നൂർ സബ് ഡി വിഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.എസ് സാജുവിന്റെ കാറാണ് ജയപ്രകാശ് അടിച്ചു തകർക്കുന്നത്.
ഓഫിസിലേക്ക് മദ്യപിച്ചെത്തിയ ജയപ്രകാശ് വെള്ളിയാഴ്ച്ച വൈകിട്ട് 6.30 ഓടെ മറ്റൊരു ഓവർസിയറായ കൊറ്റനല്ലൂർ സ്വദേശി സിനിലിനെ അസഭ്യം പറയുകയും ഇത് വാർക്ക് തർക്കത്തിലും സംഘർഷത്തിലേക്കും എത്തുകയായിരുന്നു. മറ്റു ജീവനക്കാർ ഇടപ്പെട്ടതോടെ ജയപ്രകാശ് ഓഫിസിൽ നിന്നും പുറത്തേക്ക് പോയി.
തുടർന്ന് തൂപ്പു വെട്ടുവാനായി ജീവനക്കാൻ ഉപയോഗിക്കുന്ന വാളുമായി എത്തിയ ജയപ്രകാശ് ഓഫീസിനു മുന്നിൽ പുറത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ സിനിലാണ് ഇരിക്കുന്നതെന്നു കരുതി കാറിന്റെ വലത് വശത്ത് ഡ്രൈവർ സീറ്റിനടുത്തുള്ള ഡോറിലെ ഗ്ലാസ് അടിച്ചു തകർക്കുകയാണ് ഉണ്ടായത്.
കാറിനുളളിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സാജു ആണ് ഉണ്ടായിരുന്നത്. സിനിലിന്റെയും സാജുവിന്റെയും കാറുകൾ ഒരേ നിറം ഉള്ളതായിരുന്നു. സംഭവ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജയപ്രകാശിനെ മറ്റു ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പോലിസിനെ ഏൽപിക്കുകയായിരുന്നു. എസ്ഐ എം.എസ് ഷാജന്റെ നേതൃത്വത്തിൽ ഇയാളെ കസ്റ്റഡിൽ എടുത്ത് തുടർ നടപടികൾ ആരംഭിച്ചു.