Latest News
പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബിൽ അവതരിപ്പിച്ചേക്കും
പാർലമെന്റിന്റെ സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ കേന്ദ്രം ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ.
‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഒരേസമയം നടത്താനുള്ള ആശയം അടങ്ങുന്നതാണ്. ഈ ആശയം നേരത്തെ പലതവണ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. തുടർന്ന് ഇന്ത്യൻ ലോ കമ്മീഷൻ വിഷയം പഠന വിധേയമാക്കിയിരുന്നു.
നിലവിൽ, ലോക്‌സഭയിലെയും സംസ്ഥാന അസംബ്ലികളിയിലെയും തിരഞ്ഞെടുപ്പ് സാധാരണയായി അതത് കാലാവധിയുടെ അവസാനത്തിലാണ് നടത്തി വരുന്നത്. ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിന് കീഴിൽ, ലോക്‌സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കും ഒറ്റ ഘട്ടത്തിൽ തിരഞ്ഞെടുപ്പുകൾ നടത്തുന്നതാണ്. വോട്ടിംഗും ഒരു ദിവസം തന്നെ ഉണ്ടാവും.
സെപ്തംബർ 18 മുതൽ 22 വരെ 5 സിറ്റിംഗുകളുള്ള പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. പാർലമെന്റിൽ ഫലപ്രദമായ ചർച്ചകൾക്കും സംവാദങ്ങൾക്കുമായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അജണ്ട സർക്കാർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.