Latest News

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, പരിഷ്‌കരണം പഠിക്കാൻ 8 അംഗ സമിതി, അധ്യക്ഷൻ രാം നാഥ് കോവിന്ദ്

Published

on

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’, എന്ന നിർദേശത്തെക്കുറിച്ചു പഠിക്കാൻ മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയെ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച മുൻ കശ്മീർ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ്, 15ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻകെ സിങ്, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവർ അംഗങ്ങളാണ്. കേന്ദ്ര നിയമ സഹമന്ത്രി അർജുൻ രാം മേഘ്‌വാൾ സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്. കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതിയുടെയും സെക്രട്ടറി.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് എന്നിവ ഒരേ സമയത്ത് നടത്തുന്നതിനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇതിനാവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ ഉത്തരവാദിത്തം. ഉന്നതാധികാര സമിതി അതിവേഗം യോഗം ചേർന്ന് പരിഷ്കാരവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കേന്ദ്രസർക്കാരിന് സമർപ്പിക്കണമെന്നും കേന്ദ്ര സർക്കാർ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. സമിതിയുടെ എല്ലാ ചെലവുകളും നിയമ മന്ത്രാലയം വഹിക്കും. സമിതിയുടെ ഓഫീസ് അടക്കമുള്ള കാര്യങ്ങളും നിയമ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.

2023 സെപ്റ്റംബർ 18 മുതൽ 22 വരെയുള്ള അഞ്ചുദിവസം പ്രത്യേക പാർമെന്റ് യോഗം ചേരുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചിരുന്നു. ജി20 സമ്മേളനം കഴിഞ്ഞ് തൊട്ടുപിന്നാലെ എന്തിന് വേണ്ടിയാണ് പ്രത്യേക പാർലമെന്റ് സമ്മേളനം ചേരുന്നതെന്ന കാര്യത്തിൽ ഔദ്യോഗികമായ വിശദീകരണമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. പാർലമെന്റിൽ ഫലപ്രദമായ ചർച്ചകളും സംവാദങ്ങളും നടത്താൻ കാത്തിരിക്കുകയാണെന്ന് പ്രഹ്ലാദ് ജോഷി സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ചിരുന്നു.

പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുകൂട്ടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. അതിൽ ഒന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തുമെന്നുള്ളതാണ്. വാർത്താ ഏജൻസിയായ എഎൻഐയും ഇത്തരമൊരു വാർത്ത നേരത്തെ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ലോക്‌സഭയിലേക്കും എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്താനുള്ള പദ്ധതിയാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് കൊണ്ട് ലക്ഷ്യമിടുന്നത്. ഈ തെരഞ്ഞെടുപ്പുകളെല്ലാം ഒരൊറ്റ ദിവസം നടത്താനോ അല്ലെങ്കിൽ ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ തീർക്കാനോ ആണ് ഉദ്ദേശിക്കുന്നത്. വർഷങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആശയം നടപ്പിലാക്കുന്നതിന് സമ്മർദം ചെലുത്തി വരുകയാണ്.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം നവംബർ അല്ലെങ്കിൽ ഡിസംബറിലുണ്ടാകും. ഇതിന് തൊട്ട് പിന്നാലെ ലോക് സഭാ തെരഞ്ഞെടുപ്പും. ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 മേയ്ക്കും ജൂണിനുമിടയിലാണ് നടക്കേണ്ടത്. ലോക് സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാനും ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടക്കേണ്ട ചില സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഇതിനൊപ്പം നടത്താനുമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version