Latest News

സാധാരണക്കാര്‍ക്ക് ഇല്ലാത്ത ഓണക്കിറ്റ്‌ വേണ്ടെന്നു പ്രതിപക്ഷം, ഓണകിറ്റല്ല ശബരിയുടെ കിറ്റെന്നു മലക്കം മറിഞ്ഞു മന്ത്രി

Published

on

സാമ്പത്തിക പ്രതിസന്ധി മൂലം ഓണക്കിറ്റ്‌ മഞ്ഞക്കാര്‍ഡുകാര്‍ക്ക് മാത്രം എന്ന് പ്രഖ്യാപനം നടത്തിയതിൽ പിന്നെ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കും ഓണക്കിറ്റ് നല്‍കി എന്ന വാര്‍ത്ത വന്നത് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പിന് കനത്ത പ്രഹരമായി. തിങ്കാളാഴ്ച രാവിലെ 10മണിയോടെ ബഹുഭാഷാ ഓൺലൈൻ ന്യൂസ് പോർട്ടൽ ആയ അവതാർ നൗ ആണ് ഇത് സംബന്ധിച്ച് ആദ്യ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ഇത് സംബന്ധിച്ച് ഔദ്യോഗിക അറിപ്പിന്റെ അടിസ്ഥാനത്തിൽ മനോരമയും കേരളകൗമുദിയും നൽകിയ റിപോർട്ടുകൾ ഇങ്ങനെ

സംഭവം വിവാദമായതോടെ സപ്ലൈകോ ഓണക്കിറ്റ്‌ തങ്ങള്‍ സ്വീകരിക്കില്ലെന്ന് യുഡിഎഫ് എംഎല്‍എമാര്‍ തീരുമാനിച്ചതും കിറ്റ്‌ വിവാദം വാര്‍ത്തയില്‍ കത്താനിടയാക്കി. എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും ഓണക്കിറ്റ്‌ നല്‍കുന്ന വാര്‍ത്ത പുറത്ത് വന്നതോടെ ഒപ്പം എതിര്‍പ്പും ഉണ്ടായി. ഇതോടെ മന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്ത് വന്നു.

മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഓണക്കിറ്റ് നല്‍കിയിട്ടില്ല. അത്തരമൊരു തീരുമാനം വന്നാല്‍ അത് സര്‍ക്കാര്‍ തലത്തില്‍ എടുക്കേണ്ട തീരുമാനമാണ്. ഈ തീരുമാനം വകുപ്പ് എടുത്തിട്ടില്ല. അതുകൊണ്ട് തന്നെ സപ്ലൈകോ ഓണക്കിറ്റ് നല്‍കി എന്ന വാര്‍ത്ത തെറ്റിദ്ധാരണജനകമാണ്എന്നാണു ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയുടെ ഓഫീസ് തുടർന്ന് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്.

‘ശബരി സര്‍ക്കാരിന്റെ കീഴിലുള്ള കമ്പനിയാണ്. ശബരി ഓണക്കാലത്ത് അവരുടെ ഉത്പ്പന്നങ്ങള്‍ക്ക് പുതുമോടി നല്‍കി. പുതിയ കവറില്‍ കൂടുതല്‍ ഉത്പ്പന്നങ്ങളും ഇറക്കി. ഈ സാമ്പിള്‍ ശബരി ഉത്പ്പന്നങ്ങളാണ് പ്രത്യേക പാക്കറ്റില്‍ മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും നല്‍കിയത്. ഇത് എല്ലാ വര്‍ഷവും ചെയ്യുന്ന കാര്യവുമാണ്. ശബരി ഉത്പ്പന്നങ്ങളല്ലാതെ മറ്റൊന്നും ഈ പാക്കറ്റിലില്ല’മന്ത്രിയുടെ ഓഫീസ് നൽകിയ വിശദീകരണം ഇങ്ങനെയായിരുന്നു.

മന്ത്രിമാർ ഉൾപ്പെടെ എല്ലാ നിയമസഭാംഗങ്ങൾക്കും എംപിമാർക്കും ചീഫ് സെക്രട്ടറിക്കുമാണ് സപ്ലൈകോ ഉത്പ്പന്നങ്ങള്‍ നല്‍കിയതെന്നും ഇത് ഓണ കിറ്റല്ലെന്നും ആണ് വിശദീകരണം. 12 ഇനം ‘ശബരി’ ബ്രാൻഡ് സാധനങ്ങളടങ്ങിയ കിറ്റ് ആണ് എത്തിച്ച് നല്‍കുന്നത്. പ്രത്യേകം ഡിസൈൻ ചെയ്ത ബോക്സിൽ ഭക്ഷ്യ–പൊതുവിതരണ മന്ത്രിയുടെ ഓണസന്ദേശവുമുണ്ട്. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഇറച്ചി മസാല, ചിക്കൻ മസാല, സാമ്പാർപ്പൊടി,രസം പൊടി, കടുക്, ജീരകം എന്നിവ 100 ഗ്രാം വീതവും ആട്ട ഒരു കിലോ, വെളിച്ചെണ്ണ ഒരു ലീറ്റർ, തേയില 250 ഗ്രാം എന്നിവയുമാണു കിറ്റിലുള്ളത്. ഓണത്തിനു കിറ്റ്‌ പരിപാടി ഒഴിവാക്കിയപ്പോള്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും കിറ്റ്‌ നല്‍കി എന്ന വാര്‍ത്ത ഭക്ഷ്യസിവില്‍സപ്ലൈസ് വകുപ്പിനെ പ്രതിസന്ധിയിലാക്കുകയായിരുന്നു.

(വാൽ കഷ്ണം : വീണിടത്ത് കിടന്നു ഉരുളുന്നത് ജന സേവനത്തിന്റെ കുപ്പായമിട്ട് നടക്കുന്നവർക്ക് നല്ലതല്ല, ഓണത്തിന് ജനങ്ങൾക്ക് ഓണകിറ്റ് കൊടുക്കുമ്പോൾ മന്ത്രിമാർക്കും എം എൽ എ മാർക്കും കൊടുക്കുന്ന ശബരിയുടെ കിറ്റ്, ഓണകിറ്റല്ലാതെ പിന്നെന്ത് കിറ്റാണ്? ജനത്തെ മൊത്തം പൊട്ടന്മാരാക്കരുത് )

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version