Latest News

ഒഡീഷ ട്രെയിന്‍ ദുരന്തം, സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

Published

on

ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ 296 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടം ഉണ്ടായ സംഭവത്തിൽ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റിലായ മൂന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സിബിഐയുടെ കുറ്റപത്രം. സീനിയർ സെക്ഷൻ എഞ്ചിനീയർ (സിഗ്നൽ) അരുൺ കുമാർ മഹന്ത, സെക്ഷൻ എഞ്ചിനീയർ അമീർ ഖാന്‍, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരെ സിബിഐ ജൂലൈ ഏഴിന് അറസ്റ്റ് ചെയ്തിരുന്നു.

നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 304 ഭാഗം II, 201, റെയിൽവേ നിയമത്തിലെ 153 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. ഭുവനേശ്വറിലെ പ്രത്യേക സിബിഐ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. അപകടത്തിൽ 296 പേർ മരിച്ചു. 1,200 പേർക്ക് പരിക്കേറ്റു.

ജൂൺ 2ന് ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനിൽ മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. ഷാലിമാര്‍ – ചെന്നൈ കോറമണ്ടൽ എക്‌സ്‌പ്രസ് ചരക്ക് തീവണ്ടിയിൽ ഇടിച്ച് പാളം തെറ്റി. കോറമണ്ഡൽ എക്സ്പ്രസ് 130 കിലോ മീറ്റർ വേഗതയിൽ ലൂപ്പ് ട്രാക്കിലേക്ക് കടന്ന് അവിടെ നിർത്തിയിട്ടിരുന്ന ചരക്ക് വണ്ടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

ബഹനാഗ ബസാർ സ്റ്റേഷന് സമീപമുള്ള ലെവൽ ക്രോസ് ഗേറ്റ് നമ്പർ 94ലെ അറ്റകുറ്റപ്പണികളില്‍ പിഴവ് സംഭവിച്ചെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. 79ആം ലെവല്‍ ക്രോസിലെ സര്‍ക്യൂട്ട് ഡയഗ്രം ഉപയോഗിച്ചാണ് അറ്റകുറ്റപ്പണി നടത്തിയതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്. നിലവിലുള്ള സിഗ്നൽ, ഇന്റർലോക്ക് ഇൻസ്റ്റാളേഷനുകളിൽ പരിശോധനയും മാറ്റങ്ങൾ വരുത്തലും അംഗീകൃത പ്ലാനിനും നിർദ്ദേശങ്ങൾക്കും അനുസൃതമാണെന്ന് ഉറപ്പാക്കുക എന്നതായിരുന്നു പ്രതികളുടെ ചുമതലയെന്നും കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version