Latest News
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി. മൊയ്തീനെ ഇഡി പൂട്ടുമോ? 31 ന് ഹാജരാവാൻ നോട്ടീസ്
തൃശൂർ . കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യാൻ ഹാജരാകാൻ മുൻ മന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ എ.സി. മൊയ്തീന് ഇഡിയുടെ നോട്ടീസ്. ആഗസ്ത് 31 ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളത്. മൊയ്തീനുമായി ബന്ധപ്പെട്ട 15 കോടിയുടെ വസ്തുവകകൾ കഴിഞ്ഞ ദിവസം ഇഡി കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുള്ളത്.
എസി മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകൾ കേസുമായി ബന്ധപ്പെട്ട് മരവിപ്പിച്ചിരുന്നു. മൊയ്തീന്റെ ബിനാമികൾ എന്ന് സംശയിക്കുന്ന മൂന്നുപേരുടേയും അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. 22 മണിക്കൂർ തുടർച്ചയായ പരിശോധനയ്‌ക്ക് ശേഷമാണ് അക്കൗണ്ടുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിക്കുന്നത്. ബിനാമികളിൽ മൂന്ന് പേരോട് ഓഫീസിൽ വെള്ളിയാഴ്ച ഹാജരാകാൻ ഇഡി നിർദ്ദേശം നൽകിയിട്ടുണ്ട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മൊയ്തീന് ബന്ധമുള്ളതായ വ്യക്തമായ രേഖകളുമായാണ് ഇഡിയുടെ നീക്കം. അനധികൃതമായി ലോൺനൽകാൻ മൊയ്തീൻ സുപാർശ നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മൊയ്തീനെതിരെ അന്വേഷണം ഉണ്ടാവുന്നത്. രണ്ടുദിവസം മുൻപാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ മന്ത്രിയും കുന്നംകുളം എംഎൽഎയുമായ എസി മൊയ്തീന്റെ വീട്ടിലും ബിനാമികൾ എന്ന് സംശയിക്കുന്ന മൂന്നുപേരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി മിന്നൽ റെയ്ഡ് നടത്തുന്നത്. കോടികളുടെ ബാങ്ക് തട്ടിപ്പിൽ മൊയ്തീന് ബന്ധമുള്ളതായി നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.