സര്‍ക്കാര്‍ മാതൃകയെന്ന് നിവിന്‍ പോളി; നടത്തിയത് കാലമാവശ്യപ്പെടുന്ന പ്രവര്‍ത്തനമെന്നും യംഗ് സൂപ്പര്‍ സ്റ്റാര്‍
കൊറോണ വൈറസിന്റെ വ്യാപനം മൂലം സാമ്പത്തിക മേഖലയിലും ജനജീവിതത്തിലും ഉണ്ടാക്കിയ മാന്ദ്യം മറികടക്കാന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ജനങ്ങളുടെ പ്രശ്നം മുന്നില്‍ കണ്ട് പ്രവര്‍ത്തിച്ച പിണറായി സര്‍ക്കാരിന് പ്രശംസയുമായി നടന്‍ നിവിന്‍ പോളി കൂടി രംഗത്ത് വന്നിരിക്കുകയാണ്.
സര്‍ക്കാരിന് അഭിനന്ദനം അറിയിച്ച് നടന്‍ മോഹന്‍ലാലും രംഗത്തു വന്നിരുന്നു. സാമ്പത്തിക ബഡ്ജറ്റ് പദ്ധതിയുടെ വിശദാംശങ്ങള്‍ വിവരിക്കുന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു കൊണ്ടാണ് നിവിന്‍ പോളി സര്‍ക്കാരിനെ പ്രശംസിച്ചത്.
കാലമാവശ്യപ്പെടുന്ന പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയതെന്നും സര്‍ക്കാരില്‍ താന്‍ അഭിമാനിക്കുന്നുവെന്നും നിവിന്‍ പോളി പറഞ്ഞു.
ഏപ്രില്‍ മാസത്തിനുള്ളില്‍ കൊടുക്കാനുള്ള എല്ലാ കുടിശ്ശികയും കൊടുത്തു തീര്‍ക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ഏപ്രില്‍ മാസത്തില്‍ നല്‍കേണ്ട പെന്‍ഷന്‍ ഈ മാസം നല്‍കുമെന്നും സാമൂഹിക പെന്‍ഷന്‍ ഇല്ലാത്തവര്‍ക്ക് 1000 രൂപ വീതം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 500 കോടിയുടെ ആരോഗ്യപാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 25 രൂപയ്ക്ക് നല്‍കാന്‍ ബജറ്റ് കാലത്ത് തീരുമാനിച്ച ഭക്ഷണം നിലവിലെ സാഹചര്യം കണക്കിലെടുത്ത് 20 രൂപയ്ക്ക് നല്‍കും. 1000 ഭക്ഷണ ശാലകള്‍ ഏപ്രിലില്‍ തന്നെ തുറക്കും.
ഭക്ഷ്യ സുരക്ഷ ഒഴിവാക്കാന്‍ എപിഎല്‍ – ബിപിഎല്‍ വ്യത്യാസമില്ലാതെ ഒരു മാസം സൗജന്യ റേഷന്‍ നല്‍കും. വാഹനങ്ങളുടെ ഫിറ്റ്‌നസ് ചാര്‍ജ് കുറയ്ക്കും. തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടിയും സര്‍ക്കാര്‍ തുക മാറ്റിവെച്ചിട്ടുണ്ട്. വൈദ്യുതി ബില്ല് വെള്ളക്കരം എന്നിവ അടക്കാന്‍ ഉപഭോക്താള്‍ക്ക് ഒരു മാസം സാവകാശം നല്‍കും. കുടുംബശ്രീ മുഖേന രണ്ടായിരം കോടി രൂപ വായ്പ എടുക്കാം. ‘ശാരീരിക അകലം സാമൂഹിക ഒരുമ’ എന്നതാണ് സര്‍ക്കാരിന്റെ ഈ കാലഘട്ടത്തെ മുദ്രവാക്യം