Latest News

‘എഞ്ചിനിയറിംഗ് അത്ഭുതം’ ദ്വാരക എക്‌സ്‌പ്രസ് വേയുടെ ദൃശ്യങ്ങൾ പുറത്ത് വിട്ട് നിതിൻ ഗഡ്‍കരി

Published

on

ന്യൂഡൽഹി . രാജ്യത്തെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയായ ദ്വാരക എക്‌സ്‌പ്രസ് വേയുടെ ദൃശ്യങ്ങൾ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‍കരി പുറത്ത് വിട്ടു. ‘എഞ്ചിനിയറിംഗ് അത്ഭുതം’ എന്ന് അദ്ദേഹം എട്ടുവരി എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയെ വിശേഷിപ്പിച്ചിരിക്കുന്നു. ഭാവിയിലേക്കുള്ള യാത്ര ഇതിലൂടെ ആരംഭിക്കുകയാണെന്നും വീഡിയോയും കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നിതിൻ ഗഡ്‍കരി പറഞ്ഞു.

ദ്വാരക എക്‌സ്‌പ്രസ്‌വേയിൽ 563 കിലോമീറ്റർ ദൈർഘ്യമുള്ള നാല് പാക്കേജുകളാണുള്ളത്. ദേശീയപാത 8ൽ ശിവമൂർത്തിയിൽ തുടങ്ങി ഗുരുഗ്രാമിലെ ഖേർക്കി ദൗല ടോൾ പ്ലാസയിലാണ് റോഡ് അവസാനിക്കുന്നത്. 1200 മരങ്ങൾ വീണ്ടും പറിച്ചുനടുന്ന ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയായിരുന്നു ഇത്. രാജ്യത്തെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയാണ് ദ്വാരക എലിവേറ്റഡ് അർബൻ എക്സ്പ്രസ് വേ.

ഡൽഹിയിലെ ഗതാഗതക്കുരുക്കും വാഹനങ്ങളുണ്ടാക്കുന്ന വായു-ശബ്ദമലിനീകരണവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹി ഡീകണ്‍ജക്ഷന്‍ പദ്ധതിയുടെ ഭാഗമായി ദ്വാരക എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയുടെ നിര്‍മാണം തുടങ്ങുന്നത്. 10,000 കോടി രൂപ ചെലവിട്ടാണ് എക്സ്പ്രസ് വേ നിർമിക്കുന്നത്. ദ്വാരകയിൽ നിന്നുള്ള യാത്രക്കാരെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്താൻ എക്‌സ്പ്രസ് വേ സഹായിക്കും. ദേശീയപാത 8ൽ 50 ശതമാനത്തോളം ഗതാഗതം കുറയ്ക്കാനും ഇതോടെ സാധ്യമാവുകയാണ്.

പൂര്‍ത്തിയാവുന്നതോടെ ദ്വാരക എക്‌സ്‌പ്രസ്‌വേ ഇന്ത്യയിലെ ആദ്യത്തെ എലിവേറ്റഡ് അർബൻ ഹൈവേയായി മാറും. ഡൽഹിയിലെ ദ്വാരകയെയും ഹരിയാനയിലെ ഗുരുഗ്രാമിനെയും ബന്ധിപ്പിക്കുന്നതാണ് 29 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ അതിവേഗ പാത. എൻഎച്ച്-8-ലെ ശിവമൂർത്തിയിൽ നിന്നും ഡൽഹി-ഗുരുഗ്രാം എക്‌സ്‌പ്രസ്‌വേയിൽ നിന്നും ആരംഭിക്കുന്ന എക്‌സ്പ്രസ് വേ, ഖേർക്കി ദൗള ടോൾ പ്ലാസയ്ക്ക് സമീപം, ദ്വാരക സെക്ടർ 21 വഴി, ഗുരുഗ്രാം അതിർത്തിയിലും ബസായിയിലും അവസാനിക്കുന്നതാണ്. അതിവേഗ പാതയുടെ 19 കിലോമീറ്റർ ഹരിയാനയിലും ബാക്കിയുള്ള 10 കിലോമീറ്റർ ഡൽഹിയിലുമാണുള്ളത്.

ആകെ 16 പാതകളാണ് ദ്വാരക എക്‌സ്‌പ്രസ്‌വേയിൽ ഉള്ളത്. എളുപ്പത്തിൽ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി ഇരുവശത്തും മൂന്നുവരി സർവീസ് റോഡിനുള്ള വ്യവസ്ഥയും ഇതിലുണ്ട്. ഇതിനായി തുരങ്കങ്ങളും അടിപ്പാതകളും എലിവേറ്റഡ് ഫ്‌ളൈഓവറുകളും ഉൾപ്പെടുന്ന നാല് ഇന്റർചേഞ്ചുകൾ ഉണ്ടായിരിക്കും. 3.6 കിലോമീറ്റർ നീളവും 8 വരി വീതിയുമുള്ള ഏറ്റവും നീളമേറിയതും വീതിയുള്ളതുമായ രാജ്യത്തെ ഏറ്റവും വലിയ തുരങ്കപാതയും ദ്വാരക എക്‌സ്‌പ്രസ്‌വേയിൽ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version