Latest News
ഖാലിസ്ഥാനി – ഗുണ്ടാസംഘ ബന്ധം തകര്‍ക്കാൻ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ എന്‍ഐഎ റെയ്ഡ്
ഖാലിസ്ഥാനി – ഗുണ്ടാസംഘ ബന്ധം തകര്‍ക്കാൻ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ എന്‍ഐഎ റെയ്ഡ്. പഞ്ചാബ്, ഹരിയാന, ഡല്‍ഹി-എന്‍സിആര്‍, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 50 ലധികം സ്ഥലങ്ങളിലാണ് റെയ്ഡ്. ജൂണ്‍ 18 ന് ബ്രിട്ടീഷ് കൊളംബിയയില്‍ ഖാലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങൾ ഇന്ത്യ നിരസിച്ച പിറകെ, ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം തകരാറിലായതിനെ തുടർന്നാണ് ഈ റെയ്ഡ് സംഘടിപ്പിച്ചിരിക്കുന്നത്.
യുഎപിഎ പ്രകാരം അറസ്റ്റിലായ ഗുണ്ടാസംഘങ്ങളില്‍ നിന്നും ഖാലിസ്ഥാനികളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരവും ഖാലിസ്ഥാനികൾക്കും മറ്റ് രാജ്യങ്ങള്‍ ആസ്ഥാനമായുള്ള ഗുണ്ടാസംഘങ്ങൾക്കും തീവ്രവാദ ധനസഹായം, ആയുധ വിതരണം, വിദേശ മണ്ണില്‍ നിന്ന് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തല്‍ എന്നിവയില്‍ പങ്കുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇന്ത്യയിലുള്ള അവരുടെ ആളുകള്‍ക്ക് മയക്കുമരുന്നുകള്‍ക്കും ആയുധങ്ങള്‍ക്കുമായി ഹവാല വഴി ധനസഹായം നല്‍കുന്നുണ്ടെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നത്. ഖാലിസ്ഥാനി – ഐഎസ്ഐ, ഗുണ്ടാബന്ധങ്ങളെക്കുറിച്ച് അന്വേഷണ ഏജന്‍സിക്ക് വിവരങ്ങള്‍ ലഭിച്ചതായും വൃത്തങ്ങള്‍ പറയുന്നുണ്ട്.
പഞ്ചാബിലെ 30 സ്ഥലങ്ങളിലും രാജസ്ഥാനിലെ 13 സ്ഥലങ്ങളിലും ഹരിയാനയിലെ നാല് സ്ഥലങ്ങളിലും ഉത്തരാഖണ്ഡിലെ രണ്ട് സ്ഥലങ്ങളിലും ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലുമായാണ് ബുധനാഴ്ച റെയ്ഡ് നടക്കുന്നത്. നയതന്ത്ര തര്‍ക്കങ്ങള്‍ക്കിടയില്‍, കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാനും ഒട്ടാവയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നതാണ്.