Crime
ഐ എസ് ഭീകര വേട്ട, എന്‍ഐഎ നടത്തിയ റെയ്ഡിൽ 60 ലക്ഷം രൂപയും, 18,200 ഡോളറും കണ്ടെടുത്തു
ചെന്നൈ . തമിഴ്നാട്ടിലും തെലങ്കാനയിലും എന്‍ഐഎ നടത്തിയ റെയ്ഡിൽ 60 ലക്ഷം രൂപയും, 18,200 ഡോളറും കണ്ടെടുത്തെന്ന് എൻഐഎ. വാര്‍ത്താക്കുറിപ്പിലൂടെ ആണ് എൻഐഎ ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും അറബിക്, പ്രാദേശിക ഭാഷകളിൽ തീവ്രവാദ ആശയങ്ങളുള്ള പുസ്തകങ്ങളും റെയ്ഡില്‍ എൻഐഎ പിടിച്ചെടുത്തു. അറബിക് ക്ലാസിന്‍റെ മറവിൽ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്നെന്നും എന്‍ഐഎ പറഞ്ഞിട്ടുണ്ട്. വാട്സ്ആപ്പ്, ടെലഗ്രാം എന്നിവ വഴി ആശയങ്ങൾ പ്രചരിപ്പിച്ചുവെന്നുംഎന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പുതിയ ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമിക്കുന്നതായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിലും തെലങ്കാനയിലും എന്‍ഐഎ റെയ്ഡ് നടത്തുന്നത്. കോയമ്പത്തൂരില്‍ 23 ഇടങ്ങളിലും ചെന്നൈയില്‍ മൂന്നിടത്തുമാണ് റെയ്ഡ് നടന്ന് വരുന്നത്. കോയമ്പത്തൂരിലെ ഡിഎംകെ വനിത കൗണ്‍സിലറുടെ വീട്ടിലും പരിശോധന നടത്തി. ഒരു സംഘം വിദ്യാര്‍ഥികൾക്ക് അടക്കം ഐ എസ് പരിശീലനം നല്‍കാന്‍ പദ്ധതിയിട്ടിരുന്നെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
കേരളത്തില്‍ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ ആഴ്ച പിടികൂടിയ തൃശൂര്‍ സ്വദേശിയായ നബീല്‍ അഹമ്മദിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. നബീലായിരുന്നു ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് കേരളത്തില്‍ നേതൃത്വം നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഗൂഢാലോചന നടന്നെന്ന് പറയുന്ന രഹസ്യ കേന്ദ്രങ്ങളില്‍ തെളിവെടുപ്പും എൻ ഐ എ നടത്തിയിരുന്നു.