Entertainment
നയൻതാരയും അനുഷ്ക ഷെട്ടിയും നേർക്ക് നേർ പോരിനിറങ്ങുന്നു

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികമാരായ നയൻതാരയും അനുഷ്ക ഷെട്ടിയും തിയേറ്ററുകളിൽ നേർക്ക് നേർ പോരിനിറങ്ങുന്നു. നയൻതാര നായികയായെത്തുന്ന ജവാനും അനുഷ്ക നായികയായെത്തുന്ന മിസ് ഷെട്ടി, മിസ്റ്റർ പോളിഷെട്ടിയും ഒരേ ദിവസം തിയേറ്ററുകളിലെത്തും. സെപ്റ്റംബർ ഏഴിനാണ് ഇരുചിത്രങ്ങളും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇതോടെ ബോക്സോഫീസിൽ താരറാണിമാരുടെ ചിത്രങ്ങൾ തമ്മിൽ നേർക്ക് നേർ പോരാട്ടം നടക്കും.
നയൻതാരയും അനുഷ്ക ഷെട്ടിയും വർഷങ്ങളായി സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. അനുഷ്ക ഇടയ്ക്ക് സിനിമയിൽ നിന്ന് ചെറിയ ഒരിടവേളയെടുത്തെങ്കിലും പിന്നീട് തിരികെയെത്തി.ഇപ്പോൾ രണ്ട് പേരും സിനിമ ലോകത്ത് വളരെ സജീവമാണ്. നയൻതാര ഷാരൂഖിന്റെ നായികയായി ജവാനിലൂടെ ബോളിവുഡ് അരങ്ങേറ്റവും നടത്തി. എന്നാൽ തെന്നിന്ത്യയിപ്പോൾ താരറാണിമാരുടെ നേർക്കു നേർ പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നാണ് സിനിമപ്രേമികളുടേയും ആരാധകർക്കുമിടയിൽ മുഖ്യ ചർച്ചയായിരിക്കുന്നത്.
അനുഷ്ക ചിത്രം ഓഗസ്റ്റ് നാലിന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇടവേളയ്ക്ക് ശേഷം അനുഷ്ക എത്തുന്ന ചിത്രം കൂടിയാണ് മിസ് ഷെട്ടി, മിസ്റ്റർ പോളി ഷെട്ടി. ഷാരൂഖ് ഖാനും നയൻതാരയും വിജയ് സേതുപതിയും ഒന്നിക്കുന്ന ജവാന് വേണ്ടിയുള്ള സിനിമ പ്രേക്ഷകരുടെ ആവേശം ഓരോ ദിവസം കഴിയുന്തോറും കൂടി വരുകയാണ്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ വൈകിയതിനെത്തുടർന്നാണ് സെപ്റ്റംബറിലേക്ക് റിലീസ് നീണ്ടത്.
നവീൻ പോളിഷെട്ടിയാണ് ചിത്രത്തിൽ അനുഷ്കയുടെ നായകൻ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസറും പുറത്തുവന്നു. മഹേഷ് ബാബു സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡിയായിട്ടാണ് ചിത്രമൊരുങ്ങുന്നത്. യുവി ക്രിയേഷൻസാണ് ചിത്രത്തിന്റെ നിർമ്മാണം. കഴിഞ്ഞ ദിവസം നയൻതാരയും ഷാരൂഖ് ഖാനും ഒന്നിച്ചുള്ള ജവാനിലെ പ്രണയ ഗാനം പുറത്തുവന്നു. വൻ സ്വീകാര്യതയായിരുന്നു പാട്ടിന് ലഭിച്ചത്. ചിത്രത്തിൽ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്. ജവാന്റേതായി പുറത്തുവന്ന അപ്ഡേറ്റുകൾക്കെല്ലാം വൻ സ്വീകാര്യതയാണ് ഇതിനകം ലഭിച്ചിട്ടുള്ളത്.
മാസ് ആക്ഷൻ സീക്വൻസുകളും ഗാനങ്ങളുമെല്ലാം ജവാന്റെ പ്രതീക്ഷ ഉയർത്തുന്ന ഘടകങ്ങളാണ്. ആക്ഷനും വികാരങ്ങളുമെല്ലാം കോർത്തിണക്കിയ ചിത്രമാണ് ജവാനെന്നാണ് പുറത്തുവന്ന വീഡിയോകൾ സൂചന നൽകുന്നത്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമ്മിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. നയൻതാരയുടേയും അറ്റ്ലിയുടേയും ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ജവാൻ. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് ഷാരൂഖെത്തുന്നത്. സാന്യ മൽഹോത്ര, പ്രിയ മണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. പഠാനെന്ന സൂപ്പർ ഹിറ്റിന് ശേഷം ഷാരൂഖ് നായകനായെത്തുന്ന ചിത്രമാണ് ജവാൻ. അതുകൊണ്ട് തന്നെ പ്രേക്ഷകർക്കും പ്രതീക്ഷകളേറെയാനുള്ളത്.