Culture

നവരാത്രി മഹോത്സവം ഒരുക്കങ്ങൾ തുടങ്ങി, ആഘോഷവും ഐതിഹ്യവും

Published

on

തിരുവനന്തപുരം . കന്നിമാസത്തിലെ വെളുത്ത പക്ഷ പ്രഥമ ദിനം മുതൽ ഒൻപത് ദിനങ്ങളിലാണ് നവ രാത്രി മഹോത്സവം കൊണ്ടാടുന്നത്. നവരാത്രി ആഘോഷിക്കുന്ന ഒൻപത് ദിനങ്ങളിൽ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാർവതിയായും അടുത്ത മൂന്ന് ദിനങ്ങളിൽ ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിനങ്ങളിൽ സരസ്വതിയായും സങ്കൽപിച്ചാണ് ആരാധിക്കുന്നത്.

നവരാത്രി ദിവസങ്ങളിൽ ആചരിക്കുന്ന ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളായ ശൈല പുത്രി, ബ്രഹ്‌മചാരിണി, ചന്ദ്രഖണ്ഡ, കൂശ്മാണ്ട മാതാ,സ്കന്ദമാതാ, കാർത്യായനി,കാലരാത്രി, മഹാഗൗരി ,സിദ്ധിദാത്രി എന്നീ നവദുർഗ്ഗമാരെ ആരാധിക്കുന്ന രീതിയും നിലനിൽക്കുന്നുണ്ട്. ഒൻപത് രാത്രികൾക്ക് പിറകെ എത്തുന്ന വിജയ ദശമി ദിനത്തിൽ ആണ് കുഞ്ഞുങ്ങളുടെ നാവിൽ ആദ്യമായി അക്ഷരം കുറിക്കുക. കാളിദാസന്റെ നാവിൽ ദേവി വിദ്യ കുറിച്ചത് പിൻതുടരുന്നതാണ് ഈ ആചാരം.

തിരുവനന്തപുരം നവരാത്രി ഉത്സവാഘോഷങ്ങൾക്ക് ഒരുങ്ങുകയാണ്. നവരാത്രി ഉത്സവാഘോഷങ്ങളുടെ ഭാഗമായ വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് പത്മനാഭപുരം തേവാരക്കെട്ടിൽ നിന്ന് ഒക്ടോബർ 12ന് രാവിലെ 8ന് ആരംഭിക്കും. ഒക്ടോബർ 13-ന് കുഴിത്തുറയിൽനിന്നു പുറപ്പെട്ട് നെയ്യാറ്റിൻകരയിലെത്തുന്ന എഴുന്നള്ളത്ത് 14-ന് വൈകീട്ട് 6.30-ന് കിഴക്കേക്കോട്ടയിലെത്തി ചേരും. ഈ വർഷത്തെ നവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട വിവിധ സർക്കാർ വകുപ്പുകളുടെ ഒരുക്കങ്ങൾ ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം വിലയിരുത്തി.

മഹോത്സവ ദിവസങ്ങളിലെ ക്രമസമാധാന പാലനത്തിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്ന് തിരുവനന്തപുരം ഡി.സി.പി പി. നിധിൻരാജ് അറിയിച്ചു. വിഗ്രഹങ്ങൾ കുടിയിരുത്തുന്ന ദിവസങ്ങളിലും ഘോഷയാത്രയിലും മടക്കയാത്രയിലും ദേവസ്വം ബോർഡിന്റെ പൂർണ സേവനം ഉണ്ടാവും. വിഗ്രഹങ്ങൾ എഴുന്നള്ളി വരുന്ന റോഡുകൾ, ബന്ധപ്പെട്ട ക്ഷേത്ര പരിസരങ്ങൾ എന്നിവ വൃത്തിയാക്കാൻ നഗരസഭ നടപടിയെടുത്ത് വരുന്നു. ഇക്കാര്യത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്നും കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്.

ആര്യശാല ക്ഷേത്രക്കുളം വൃത്തിയാക്കൽ, തമിഴ്‌നാട്ടിൽ നിന്നു വരുന്ന മറ്റ് ദേവസ്വം ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം, താമസം എന്നിങ്ങനെയുള്ള കാര്യങ്ങൾ ദേവസ്വം ബോർഡ് ആണ് നോക്കുന്നത്. മഹോത്സവവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ അവസാന ദിവസങ്ങൾ വരെ ആവശ്യമായ വെള്ളം അനുവദിക്കുന്നതിനുള്ള നടപടികൾ വാട്ടർ അതോറിട്ടിയും സ്വീകരിച്ചിട്ടുണ്ട്. ആംബുലൻസ് ഉൾപ്പടെയുള്ള മെഡിക്കൽ ടീം ഘോഷയാത്രയെ അനുഗമിക്കുന്നതാണ്.

ഘോഷയാത്ര കടന്നുപോകുന്ന പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പി.ഡബ്ല്യു.ഡി. റോഡ്‌സ് വിഭാഗം പൂരതോനിയാക്കി വരുന്നു. ഉത്സവ ദിനങ്ങളിൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. യോഗത്തിൽ ക്ഷേത്ര പ്രതിനിധികൾ , ജില്ലാ കളക്ടർക്കൊപ്പം എ.ഡി.എം അനിൽ ജോസ്. ജെ, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, തുടങ്ങിയവരും പങ്കെടുക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version