Latest News
നരേന്ദ്ര മോദി സർക്കാരിന് പത്തിൽ 8 മാർക്ക് നൽകും – നവീൻ പട്നായിക്
ഭുവനേശ്വർ . രാജ്യത്ത് വേരോടെ അഴിമതി പിഴുതെറിയാനുള്ള ശ്രമങ്ങൾക്ക് നരേന്ദ്ര മോദി സർക്കാരിന് പത്തിൽ 8 മാർക്ക് നൽകുമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്. രാജ്യത്തെ അഴിമതിമുക്തമാക്കാൻ മോദി നടത്തുന്ന ശ്രമങ്ങളെ പട്നായിക് അഭിനന്ദിച്ചു. ഭുവനേശ്വറിൽ ഒഡിഷ സാഹിത്യോത്സവ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നവീൻ പട്നായിക്.
‘ഞങ്ങളുടെ സംസ്ഥാനം വികസിക്കണമെന്നാണ് സ്വാഭാവികമായും ആഗ്രഹിക്കുന്നത്. അതിനാൽ വികസനകാര്യത്തിൽ കേന്ദ്രത്തിന്റെ പങ്കാളിയായിരിക്കുന്നതു പ്രധാനമാണ്. നരേന്ദ്ര മോദി സർക്കാരിന് പത്തിൽ 8 മാർക്ക് നൽകും. മോദിയുടെ വിദേശനയവും മറ്റും മികച്ചതാണ്. സർക്കാരിൽ അഴിമതി തീരെ കുറവാണ്. രാജ്യത്തുനിന്ന് അഴിമതിയെ വേരോടെ പിഴുതുമാറ്റാനാണ് മോദി ശ്രമിക്കുന്നത്.’– പട്നായിക് പറഞ്ഞു.
വനിതാ സംവരണ ബിൽ പാർലമെന്റ് പാസാക്കിയത് സംബന്ധിച്ച് പട്നായിക് പറഞ്ഞത് ഇങ്ങനെ. ഇതു നിർണായക ചുവടുവയ്പാണെന്നു കരുതുന്നു. സ്ത്രീകളുടെ ഉന്നമനത്തിനായി എന്നും നിലകൊണ്ടിട്ടുള്ള പാർട്ടിയാണ് ബിജെഡി. എന്റെ പിതാവാണ് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം തുടങ്ങിവച്ചത്. ഞങ്ങൾ ഇപ്പോഴത് 50 ശതമാനമാക്കി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 33 ശതമാനം സീറ്റ് ഞങ്ങൾ വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്നതിനെ സ്വാഗതം ചെയ്യുന്നു. രണ്ടു സഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പിന് എപ്പോഴും തയാറാണ് എന്നാണ് പട്നായിക് പറഞ്ഞത്.