Latest News
രാജ്യത്തെ ഭൂരിഭാഗം മുസ്ലിങ്ങളും ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്തവർ, ഗുലാം നബി ആസാദ്
ശ്രീനഗര്‍ . രാജ്യത്തെ ഭൂരിഭാഗം മുസ്ലിങ്ങളും ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്തവരാണെന്ന് ഡി.പി.എ.പി. ചെയര്‍മാനും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്. പരിവര്‍ത്തനത്തിന്റെ തുടക്കം കുറിക്കുന്നത് കശ്മീരി താഴ്വരയില്‍ നിന്നായിരുന്നു. 600 വര്‍ഷം മുമ്പ് കശ്മീരിലെ മുസ്ലീങ്ങള്‍ ആരായിരുന്നു? എല്ലാവരും കശ്മീരി പണ്ഡിറ്റുകളായിരുന്നു. അവര്‍ ഇസ്ലാം സ്വീകരിക്കുകയായിരുന്നു. ഡോഡ ജില്ലയിലെ ഒരു സമ്മേളനത്തില്‍ സംസാരിക്കവെ ഗുലാംനബി ആസാദ് പറഞ്ഞു.
കശ്മീരിലെ ഇപ്പോഴത്തെ മുസ്ലിങ്ങളെല്ലാം കശ്മീരി പണ്ഡിറ്റുകളുടെ പിന്തുടര്‍ച്ചക്കാരാണ്. ഇസ്ലാം നിലവില്‍ വന്നത് 1,500 വര്‍ഷം മുമ്പാണ്. ഹിന്ദു മതം അതിലും വളരെ പഴക്കമുള്ളതാണ്. മുഗള്‍ സൈന്യത്തിനൊപ്പം ചില മുസ്ലിങ്ങള്‍ ഇന്ത്യയില്‍ എത്തി. അവരില്‍ നിന്നാണ് ഇസ്ലാമതം വ്യാപിക്കുന്നത്. രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി മതം ഉപയോഗിക്കരുത്. രാഷ്‌ട്രീയത്തില്‍ മതത്തില്‍ അഭയം തേടുന്നവന്‍ ദുര്‍ബലനാണ്, ഗുലാംനബി ആസാദ് പറഞ്ഞു.
മരിക്കുമ്പോള്‍ ഹിന്ദുക്കള്‍ ആയവരെ ദഹിപ്പിക്കുകയാണ് പതിവ്. ചിതാഭസ്മം വെള്ളം കലരുന്ന നദിയില്‍ നിക്ഷേപിക്കും. ആ വെള്ളം പിന്നീട് കുടിവെള്ളത്തിന്റെ ഭാഗമാകാറുണ്ട്. പിന്നീട്, വെള്ളത്തില്‍ അവരുടെ ചാരം അടങ്ങിയിട്ടുണ്ടെന്ന് ആരാണ് കാണുന്നത്? ആളുകള്‍ ആ വെള്ളം കുടിക്കുന്നു. അതുപോലെ മുസ്ലീങ്ങളുടെ മാംസവും എല്ലുകളും രാജ്യത്തിന്റെ മണ്ണിന്റെ ഭാഗമായി മാറുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. അവരും ഈ നാടിന്റെ ഭാഗമായി. അവരുടെ മാംസവും അസ്ഥികളും ഭാരതമാതാവിന്റെ മണ്ണിന്റെ ഭാഗമായി മാറുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും ഈ മണ്ണില്‍ ലയിക്കുന്നു. അവര്‍ക്കിടയില്‍ എന്താണ് വ്യത്യാസം? അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുലാംനബിയുടെ പ്രസംഗത്തെ സ്വാഗതം ചെയ്ത് കൊണ്ട് വിഎച്ച്പിയും നിരവധി ഹൈന്ദവസംഘടനകളും രംഗത്തെത്തിയിരിക്കുകയാണ്.