Latest News
കഴിഞ്ഞ ഇരുപത് വർഷമായിട്ടും കോൺഗ്രസിന്റെ ‘രാഹുൽയാൻ’ സാധ്യമായില്ലെന്നു പരിഹസിച്ച് മന്ത്രി രാജ്നാഥ് സിംഗ്
ജയ്പൂർ . രാജ്യത്ത് മംഗൾയാൻ, ചന്ദ്രയാൻ എന്നിവയുടെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയിട്ടും കഴിഞ്ഞ ഇരുപത് വർഷമായിട്ടും കോൺഗ്രസിന്റെ രാഹുൽയാൻ സാധ്യമായിട്ടില്ലെന്ന് പ്രതിപക്ഷത്തെ പരിഹസിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കഴിഞ്ഞ 20 വർഷമായി രാഹുൽ ഗാന്ധിയെ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.
രാജസ്ഥാനിലെ ജയ്സാൽമീറിൽ സംഘടിപ്പിച്ച പരിവർത്തൻ സങ്കൽപ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്. രാംദേവ്ര ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷമാണ് രാജ്‌നാഥ് സിംഗ് പരിവർത്തൻ സങ്കൽപ് യാത്രയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. രാജ്യത്തിന്റെ അഭിമാന ചന്ദ്രയാൻ-3 ന്റെ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും രാജ്നാഥ് സിംഗ് വീണ്ടും അഭിനന്ദിച്ചു. നമ്മുടെ രാജ്യത്തിലെ സൈനികരുടെയും ശാസ്ത്രജ്ഞരുടെയും കഴിവുകളെ ഒരിക്കലും ആരും സംശയിച്ചിരുന്നില്ല. ചന്ദ്രയാൻ 3-ന്റെ വിജയത്തോടെ 1998-ൽ ഇന്ത്യ നടത്തിയ ആണവ പരീക്ഷണത്തിന്റെ അതേ വിജയകുതിപ്പാണ് ചാന്ദ്രദൗത്യത്തിലും ഇന്ത്യ കൈക്കൊണ്ടത്.
ഇന്ത്യ ഇന്ന് ചന്ദ്രനിലും ചൊവ്വയിലും എത്തി. ഇതിനെതിരെ കോൺഗ്രസ് പതിഞ്ഞ സ്വരത്തിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ നോക്കി. എന്നാൽ രാജ്യത്തിന്റെ ആവേശം കണ്ടപ്പോൾ അവർ നിശബ്ദരാവുകയായിരുന്നു, രാജനാഥ് സിംഗ് പറഞ്ഞു. അഞ്ച് ആണവ പരീക്ഷണങ്ങളിൽ വിജയം കൈവരിച്ച ഇടമാണ് ജയ്സാൽമീറിലെ സമീപ പ്രദേശമായ പൊഖ്റാൻ ഭൂമി. 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ ഇന്ത്യ നിർണായക വിജയം കൈവരിച്ച ലാംഗേവാല യുദ്ധവും ഇതേ മണ്ണിലാണ് നടന്നതെന്നും രാജനാഥ് സിംഗ് പറഞ്ഞു.