Latest News
ഐഎസ് കേരള മൊഡ്യൂൾ കേരളത്തിൽ വൻ സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, ഗൂഢാലോചന നടന്നത് തൃശൂരും പാലക്കാടും
കൊച്ചി . ഐഎസ് കേരള മൊഡ്യൂളിന്റെ ഭാഗമായിരുന്ന ഭീകരർ കേരളത്തിൽ വൻ സ്ഫോടനങ്ങൾ നടത്താനുള്ള ഗൂഢാലോചന നടത്തിയിരുന്നതായ വിവരങ്ങൾ പുറത്ത്. ഇതിനായി തൃശൂരും പാലക്കാടും വെച്ച് ഇവർ ഗുഡാലോചന നടത്തിയെന്നും കണ്ടെത്തൽ. കേരളത്തിൽ സ്ഫോടനങ്ങൾ നടത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായതായി ഐഎസ് ഭീകരവാദക്കേസിൽ അറസ്റ്റിലായ ഷിയാസ് സിദ്ദിഖിന്റെ മൊഴിയിൽ തന്നെയാണ് പറഞ്ഞിരിക്കുന്നത്. തൃശൂരും പാലക്കാടും നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നും അറസ്റ്റിലായ ഷിയാസ് എൻഐഎയോട് വെളിപ്പെടുത്തി.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് ഈ വിവരങ്ങൾ ഷിയാസ് വ്യക്തമാക്കിയത്. അതേസമയം രണ്ടാം പ്രതി നബീലിനായി അയൽ സംസ്ഥാനങ്ങളിലും എൻ ഐ എ വ്യാപക തിരച്ചിൽ നടത്തുകയാണ്. നേരത്തെ അറസ്റ്റിലായിരുന്ന ആഷിഫ്, നബീൽ എന്നിവർക്കൊപ്പം ചേർന്നാണ് ഐഎസ് കേരള മൊഡ്യൂളിന്റെ ഭാഗമായിരുന്ന ഷിയാസ് സിദ്ദീഖ് ഭീകരാക്രമണ പദ്ധതികളുടെ ഭാഗമാവുന്നത്. തൃശൂരിലെ കാട്ടൂർ സ്വദേശിയായ ഷിയാസ് വീടിനടുത്ത് നടന്ന ഗൂഢാലോചനയിലും, പാലക്കാട് നടന്ന സ്ഫോടന ആസൂത്രണത്തിലും പങ്കാളിയായി. കേരളത്തിൽ വ്യാപക സ്ഫോടനങ്ങൾ നടത്താനായിരുന്നു അവരുടെ പദ്ധതി. രണ്ട് വട്ടം നടന്ന ഗൂഢാലോചനകൾക്ക് ശേഷം പദ്ധതി നടപ്പിലാക്കാൻ കഴിയാതെ വന്നതോടെ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായെന്ന സംശയത്തിൽ ഒളിവിൽ പോവുകയായിരുന്നു എന്നാണ് ഷിയാസ് സിദ്ദിഖിന്റെ മൊഴിയിൽ ഉള്ളത്.
അന്വേഷണ സംഘം നടത്തിയ അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് ഷിയാസ് പിടിയിലാവുന്നത്. കഴിഞ്ഞ ദിവസം പ്രതിയെ മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി എൻ ഐ എ വിശദമായി ചോദ്യം ചെയ്തു. ഒന്നാം പ്രതി ആഷിഫാണ് കേസിൽ ആദ്യം അറസ്റ്റിലാവുന്നത്. ഗൂഢാലോചനകളിൽ നാല് പേരായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. ആരാധനാലയങ്ങൾ ഉൾപ്പടെ ലക്ഷ്യമിട്ടിരുന്ന പ്രതികൾ കൂടുതൽ ജീവഹാനികൾ ഉണ്ടാക്കുന്ന വലിയ സ്ഫോടനങ്ങൾക്കാണ് പദ്ധതിയിട്ടിരുന്നത്. ഇതിനൊപ്പം ആർഎസ്എസ് നേതാക്കളും പ്രതികളുടെ ഹിറ്റ്ലിസ്റ്റിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.