മലയാളത്തിന് ഫാസിൽ സമ്മാനിച്ച പ്രണയകാവ്യം – അനിയത്തിപ്രാവ്
മലയാള സിനിമ ചരിത്രം പരിശോധിച്ചാൽ ഒഴിച്ച് നിർത്താനാകാത്ത ഒരു സിനിമയാണ് 1997 ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബൻ ആദ്യമായി നായകനായി എത്തിയ ചിത്രം ഒരുക്കിയത് ഫാസിൽ ആയിരുന്നു. സിനിമയിലൂടെ അത് വരെ ബാലതാരമായി മലയാളികൾ കണ്ട ബേബി ശാലിനി നായിക നിരയിലേക്ക് എത്തി. ഇനി അനിയത്തിപ്രാവ് എന്ന സിനിമയ്ക്ക് മലയാള സിനിമയിൽ ഉള്ള നിർണ്ണായക സ്ഥാനത്തെ പറ്റി ഒന്ന് പരിശോധിക്കാം. മലയാളത്തിൽ നിരവധി സിനിമകൾ ഇൻഡസ്ട്രി ഹിറ്റ് ആയിട്ടുണ്ട്. എന്നാൽ മലയാളത്തിൽ ആദ്യമായിട്ടും അവസാനമായിട്ടുമാണ് ഒരു പുതുമുഖ നടൻ ആദ്യമായി അഭിനയിക്കുന്ന ഒരു ചിത്രം ഇൻഡസ്ട്രി ഹിറ്റ് ആകുന്നത്.
1997 മാർച്ച് 24 ന് പുറത്തിറങ്ങിയ ചിത്രം ആദ്യ ദിനങ്ങളിൽ വലിയ ചലനം ഉണ്ടാക്കിയില്ല. താരങ്ങൾ എല്ലാം പുതിയ ആളുകൾ, ചില രംഗങ്ങളിൽ കൂവലുകളും. എന്നാലും സംവിധായകൻ ഫാസിലിന് ചിത്രത്തിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. ” എല്ലാം ശെരിയാകും ഈ സിനിമ ഒരു വലിയ വിജയമാകും എനിക്കുറപ്പുണ്ട് ” എന്ന് അദ്ദേഹം തന്റെ സുഹൃത്തുക്കളോട് പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് ശേഷം എന്താണോ ഫാസിൽ പറഞ്ഞത് അത് സംഭവിക്കുകയായിരുന്നു. പതിയെ പതിയെ ജനങ്ങൾ തീയേറ്ററുകളിലേക് ഇടിച്ചു കയറുന്ന കാഴ്ച. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറുമ്പോൾ അന്നേവരെ കാണാത്ത മികച്ച പ്രണയ ചിത്രം എന്ന രീതിയിൽ ആയിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഒരുക്കിയത്. 1997 ൽ അനിയത്തിപ്രാവിലേക് വരുമ്പോഴും അതിന്റെ തന്നെ ആവർത്തനം ആയിരുന്നു. വ്യസ്ത്യസ്തമായ ഒരു പ്രണയ ചിത്രം. ഒരു പുതിയ നായികാനായക താരങ്ങളുടെ ഉദയം. ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയമായി. മലയാളത്തിൽ ഒരു പുതുമുഖ നടനും അവകാശപ്പെടാനാകാത്ത ഇൻഡസ്ടറി ഹിറ്റ് എന്ന റെക്കോർഡും കുഞ്ചാക്കോ ബോബന് ലഭിച്ചു. ഇതു വരെ ആ റെക്കോർഡ് ആർക്കും തകർക്കാൻ കഴിഞ്ഞിട്ടില്ല. ഒപ്പം ശാലിനി എന്ന നടി സൗത്ത് ഇന്ത്യയിലെ ഏറ്റവും വിലയേറിയ താരവുമായി.
അനിയത്തി പ്രാവ് എന്ന സിനിമയിലേക്ക് കുഞ്ചാക്കോ ബോബൻ എത്തിയ കഥയും കൗതുകം ഉണർത്തുന്നതാണ്. സിനിമ പാരമ്പര്യം ഉള്ള കുടുംബം ആയിരുന്നിട്ടുകൂടി സിനിമയിലേയ്ക്കു വരാതെ പഠനവുമായി മുന്നോട്ടു പോയിരുന്ന കുഞ്ചാക്കോ ബോബൻ ഒരിക്കൽ തന്റെ പിതാവായ ബോബൻ കുഞ്ചാക്കോ നടത്തി വന്ന വിദേശ വസ്തുക്കൾ വിൽക്കുന്ന കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കാൻ നിൽക്കുകയും, യാദർശ്ചികമായി ഷോപ്പിൽ എത്തിയ ഫാസിലും ഭാര്യയും കുഞ്ചാക്കോ ബോബനെ കാണുകയും ചെയ്തു. ആ സമയം അനിയത്തി പ്രാവ് എന്ന സിനിമക്ക് വേണ്ടി പുതിയ താരങ്ങളെ അന്വേഷിക്കുകയായിരുന്നു ഫാസിൽ. കുഞ്ചാക്കോ ബോബനെ കണ്ട ഫാസിലിന്റെ ഭാര്യയാണ് ഈ പയ്യൻ നായകനായാൽ നന്നാകും എന്ന് ഫാസിലിനോട് സംസാരിച്ചത്. പിന്നീട് നടന്നത് ചരിത്രം. അപ്പോഴും മകനെ സിനിമയിലേക്ക് വിടുന്നതുമായി ബന്ധപ്പെട്ട് ബോബൻ കുഞ്ചാക്കോയ്ക് സംശയം ഉണ്ടായിരുന്നു, എന്നാൽ പിന്നീട് അതും മാറി.
എന്നാൽ സിനിമയുടെ റിലീസ് സമയങ്ങളിൽ എല്ലാം നേരത്തെ തന്നെ സിനിമകളിലൂടെ ശ്രദ്ധ നേടിയ ബേബി ശാലിനിയുടെ തിരിച്ചു വരവ് എന്ന രീതിയിൽ ആയിരുന്നു സിനിമയെ പ്രൊമോട്ട് ചെയ്തത്. അങ്ങിനെ 1997 ൽ പുറത്തു വന്ന ചിത്രം വലിയ വിജയമായി, റെക്കോർഡ് പ്രേമ ലേഖനങ്ങൾ ആണ് അന്ന് കുഞ്ചാക്കോ ബോബന് ലഭിച്ചിരുന്നത് എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഒപ്പം തന്നെ മറ്റൊരു കാര്യം ഇന്നും ആളുകൾ ഓർക്കുന്നു.തൊണ്ണൂറ്റി ഏഴിൽ തന്നെ ആയിരുന്നു നടൻ സുകുമാരൻ അന്തരിച്ചത്. അന്ന് തിരുവനന്തപുരത്ത് കലാഭവനിൽ പൊതു ദർശനനത്തിനു വച്ചപ്പോൾ കാണാനെത്തിയ കുഞ്ചാക്കോ ബോബനെ കലാഭവന് മുന്നിലുള്ള വിമെൻസ് കോളേജിലെ പെൺക്കുട്ടികൾ മരണ സ്ഥലമാണെന്ന് പോലും മറന്നു പോയ രീതിയിൽ വന്ന് പൊതിയുകയും തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
അനിയത്തിപ്രാവ് ഇൻഡസ്ടറി ഹിറ്റ് ആണെന്ന് പറയുമ്പോൾ തന്നെ മറ്റൊരു രസകരമായ കാര്യം അതെ വർഷം തന്നെ വേറെ രണ്ടു ഇൻഡസ്ടറി ഹിറ്റുകൾ കൂടി മലയാളത്തിൽ ഉണ്ടായി എന്നതാണ്.1997 ചന്ദ്രലേഖ, അനിയത്തിപ്രാവ്, ആറാം തമ്പുരാൻ എന്നീ സിനിമകൾ ഇൻഡസ്ടറി ഹിറ്റ് ആയിരുന്നു..