Latest News
നിറഞ്ഞ ഭക്തിയിൽ ശ്രീനാരായണഗുരുദേവന്റെ മഹാസമാധി ദിനാചരണം
തിരുവനന്തപുരം . ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനം ലോകമെമ്പാടുമുള്ള ശ്രീനാരായണീയരും ശ്രീനാരായണ പ്രസ്ഥാനങ്ങളും വെള്ളിയാഴ്ച ഭക്ത്യാദരപൂർവം ആചരിക്കുകയാണ്. ഗുരുമന്ദിരങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകളും പ്രാർത്ഥനയും ഗുരുദേവകൃതികളുടെ ആലാപനവും അന്നദാനവും ഇതിന്റെ ഭാഗമായി ഇന്ന് നടക്കും.
ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും അരുവിപ്പുറം ക്ഷേത്രത്തിലും പ്രത്യേക പൂജാ ചടങ്ങുകളടക്കം നടക്കുന്നുണ്ട്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്രിന്റെ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ മഹാസമാധി സമ്മേളനവും ഉപവാസ യജ്ഞവും മന്ത്രി സജിചെറിയാൻ ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോർജ്ജ് മുഖ്യാതിഥിയായിരിക്കും. ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, ട്രസ്റ്റ് ബോർഡംഗം സ്വാമി സൂക്ഷ്മാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.
അഡ്വ.വി.ജോയി എം.എൽ.എ, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ചാണ്ടി ഉമ്മൻ എം.എൽ.എ, നഗരസഭ ചെയർമാൻ കെ.എം.ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ തുടങ്ങിയവർ പങ്കെടുക്കും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി സെക്രട്ടറി സ്വാമി ബോധിതീർത്ഥ നന്ദിയും പറയും.
ആ മഹാസമാധിയെ ഓർക്കുമ്പോൾ
കന്നി 5-ാം വീണ്ടുമെത്തി. അന്ന് ചാറ്റല്‍ മഴ ഉണ്ടായിരുന്നു. പ്രകൃതി കണ്ണുനീര്‍ പൊഴിച്ച് നിശ്ചേഷ്ടമായി നിന്ന ദിവസം. ഗുരു മുൻകൂട്ടി കല്പിച്ചപ്രകാരം അന്ന് എല്ലാവര്‍ക്കും ഭക്ഷണം നല്‍കി. സായാഹ്നസൂര്യന്‍ പശ്ചിമാകാശത്തിലേക്ക് നീങ്ങി. ശ്രീനാരായണ ഗുരുദേവശിഷ്യനായ മാമ്പലം വിദ്യാനന്ദസ്വാമികള്‍ തൃപ്പാദസന്നിധിയില്‍ യോഗവാസിഷ്ഠം ജീവന്മുക്തി പ്രകരണം വായിച്ചുകൊണ്ടിരുന്നു. സമയം ഏതാണ്ട് മൂന്നേകാല്‍ മണിയോടെ ‘നമുക്ക് നല്ല ശാന്തി അനുഭവപ്പെടുന്നു’ എന്ന് ഗുരു അരുളി ചെയ്തു.
ഗുരു കിടക്കയില്‍ എഴുന്നേറ്റിരിക്കുവാനൊരുങ്ങുകയായിരുന്നു. തൃപ്പാദശിഷ്യനായ അച്യുതാനന്ദസ്വാമികള്‍ ആ ദിവ്യകളേബരത്തെ താങ്ങിപ്പിടിച്ചു. അപ്പോള്‍ ശരീരം പത്മാസനത്തില്‍ ബന്ധിച്ചിരുന്നു. 1928 സെപ്റ്റംബര്‍ 20 (1104 കന്നി 5) ശുക്ലഷഷ്ഠി, വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30. ശിവഗിരി വൈദികമഠത്തിലെ കിടക്കയില്‍ ബ്രഹ്മചൈതന്യ സ്വരൂപനായിരിക്കുന്ന ആ മഹാഗുരുവിന്റെ തിരുസന്നിധിയില്‍ ഉണ്ടായിരുന്ന തൃപ്പാദശിഷ്യന്മാര്‍ ഉപനിഷത്സാരസര്‍വ്വസ്വമായ ദൈവദശകം ആലാപനം ചെയ്തു. സാന്ദ്രവും ദിവ്യവുമായ നിര്‍വ്വാണത്തിന്റെ പ്രശാന്തി ആയിരുന്നു അവിടെങ്ങും.
ആഴമേറും നിന്‍ മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം
എന്നു ചൊല്ലിക്കഴിയവേ ഏകലോകദര്‍ശനം വിഭാവനം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ തൃക്കണ്ണുകള്‍ സാവധാനം അടയുകയായിരുന്നു. ഭഗവാന്‍ മഹാസമാധിസ്ഥനായി.