Latest News

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രതികൂല അഭിപ്രായം പറയുന്നത് അപകീർത്തികരമല്ലെന്ന് ​മദ്രാസ് ഹൈക്കോടതി

Published

on

ചെന്നൈ . ഗൂഗിൾ റിവ്യു പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രതികൂലമായ വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത് സേവനദാതാവിനെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഓൺലൈൻ പ്ലാറ്റ് ഫോമുകളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം എടുത്ത് കാണിച്ചു കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.

എസ്. കീർത്തിഗ,​ പിതാവ് വി. സെന്തിൽ എന്നിവർക്കെതിരായ ക്രിമിനൽ മാനനഷ്ട കേസ് തള്ളിക്കൊണ്ട് കോയമ്പത്തൂരിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് അഡ്വ. വി പി സാരഥി നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. തന്നിൽ നിന്ന് ചില നിയമ സേവനങ്ങൾ കീർത്തിഗ പ്രയോജനപ്പെടുത്തിയെന്നും തുടർന്ന് ഗൂഗിൾ റിവ്യൂവിൽ തനിക്കെതിരെ പ്രതികൂലമായ റിവ്യൂ പോസ്റ്റ് ചെയ്തെന്നും അത് അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണെന്നും ആയിരുന്നു സാരഥി ഹർജിയിൽ ആരോപിച്ചിരുന്നത്.

‘ഇന്റർനെറ്റ് എന്നത് ഒരു സ്വതന്ത്ര പ്ലാറ്റ്‌ഫോമാണ്, അത് ആവിഷ്‌കാരത്തിന്റെയും ആശയവിനിമയത്തിന്റെയും ഒരു പ്രധാന മാർഗമാണ്. ലഭിച്ച സേവനങ്ങളെക്കുറിച്ച് ഗൂഗിൾ റിവ്യൂവിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് സേവനദാതാവിനെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമല്ല’ ജസ്റ്റിസ് വി ശിവജ്ഞാനം പറഞ്ഞു.

ഹരജിക്കാരനായ അഭിഭാഷകനിൽ നിന്ന് തനിക്ക് ലഭിച്ച സേവനങ്ങളെക്കുറിച്ചാണ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചതെന്നും, അദ്ദേഹം നൽകിയ സേവനങ്ങൾ തൃപ്തികരമല്ലെന്നും കുറ്റാരോപിതർ കോടതിയിൽ വാദിക്കുകയുണ്ടായി. ഗൂഗിൾ റിവ്യൂ പേജിൽ തന്റെ അഭിപ്രായം പോസ്റ്റ് ചെയ്തത് ഹർജിക്കാരൻ ആരോപിക്കുന്നത് പോലെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമല്ല, അതേസമയം കീർത്തിഗയുടെ പരാമർശം ഹർജിക്കാരന്റെ – അഭിഭാഷകന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കിൽ മാപ്പ് പറയുന്നെന്നും യുവതിയുടെ പിതാവ് വി. സെന്തിൽ വ്യക്തമാക്കി. തുടർന്ന് മാനനഷ്ടക്കേസ് നിലനിൽക്കുന്നതല്ലെന്ന് കാണിച്ച് കോടതി ഹർജി തള്ളി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version