Crime
‘കുഞ്ഞുങ്ങളെ കൊലപ്പെടുത്തണം എന്ന് കരുതിയതല്ല, ആരുടേയും ആട്ടു തുപ്പും കേട്ട് കുട്ടികൾ ഇനി ജീവിക്കണ്ട’
കൊച്ചി. വായ്‌പ്പാ ആപ്പുകാരുടെ ക്രൂരതയിൽ മനം നൊന്ത് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ജീവനൊടുക്കിയ ദമ്പതിമാരുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. കടത്തിന് മേൽ കടമായതിനാൽ ജീവിതം മടുത്തുവെന്നും, കുട്ടികളെ കൊലപ്പെടുത്തണം എന്ന് കരുതിയതല്ലെന്നും ആണ് കുറിപ്പ്. നിജോയും ശില്പയും ഒന്നിച്ച് തയ്യാറാക്കിയതാണ് ആത്മഹത്യാ കുറിപ്പെന്നാണ് സംശയിക്കുന്നത്.
‘കുഞ്ഞുങ്ങളെ കൊലപ്പെടുത്തണം എന്ന് കരുതിയതല്ല, ആരുടേയും ആട്ടു തുപ്പും കേട്ട് കുട്ടികൾ ഇനി ജീവിക്കണ്ട’ എന്നും കുറിപ്പിൽ എഴുതിയിരിക്കുന്നു. പലരേയും സമീപിച്ചെങ്കിലും ആരും സഹായിച്ചില്ല. ഞങ്ങളുടെ മരണാനന്തര ചടങ്ങുകൾ നടത്തേണ്ടതില്ല. ഇതിനായി ആരിൽ നിന്നും പണം വാങ്ങരുതെന്നും, സഹോദരനോട് അമ്മയെ നോക്കണമെന്നും കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.
കടമക്കുടി സ്വദേശി നിജോ(39), ഭാര്യ ശിൽപ(29), മക്കളായ എയ്ബൽ, ആരോൺ(6) എന്നിവരെയാണ് ചൊവ്വാഴ്ച പുലർച്ചെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. രണ്ട് മക്കളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങി മരിക്കുകയായിരുന്നു. ആത്മഹത്യാകുറിപ്പിന്റെ പശ്ചതാത്തലത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മരണത്തിന് പിന്നാലെ ഓൺലൈൻ വായ്പാ ആപ്പുകാരുടെ ഭീഷണിയെക്കുറിച്ച് വെളിപ്പെടുത്തലുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
സംഭവത്തിന് ശേഷം ശില്പയുടെ ഫോണിലെ കോൾലിസ്റ്റിലുള്ള 25-ഓളം നമ്പറുകളിലേക്ക് യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഓൺലൈൻ വായ്പാ ആപ്പുകാർ അയക്കുകയും ഉണ്ടായി. ഇവരുടെ സാമ്പത്തിക ബാധ്യതയെ കുറിച്ച് പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചതായാണ് വിവരം. അതേസമയം, വായ്‌പ്പാ ആപിന്റെ ചതിക്കെണിയിൽ കുടുങ്ങി ഒരു കുടുംബം ഒന്നടങ്കം ജീവനൊടുക്കിയ സംഭവത്തിൽ വായ്‌പ്പാ ആപ്പിനെതിരെ ചെറു വിരലനക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കൂടുതൽ പരിശോധനയ്‌ക്കായി ഇവരുടെ ഫോൺ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ടെന്നാണ് പോലീസ് ഭാഷ്യം.