Crime
ലോൺ ആപ്പ് വയനാട്ടിൽ ഒരു യുവാവിന്റെ കൂടി ജീവനെടുത്തു
കൽപ്പറ്റ . ലോൺ ആപ്പ് കടമക്കുടിയിലെ ഒരു കുടുംബത്തെ കൂട്ടത്തോടെ ജീവനെടുത്ത പിറകെ വയനാട്ടിൽ ഒരു യുവാവിന്റെ കൂടി ജീവനെടുത്തു. മീനങ്ങാടി അരിമുള ചിറകോണത്ത് അജയ് രാജ് (42) ആണ് ലോൺ ആപ്പിന്റെ കടക്കെണിയിൽ ജീവനൊടുക്കിയിരിക്കുന്നത്. അരിമുള എസ്റ്റേറ്റിലാണ് ഇയാൾ തൂങ്ങി മരിച്ചത്. ലോൺ ആപ്പ് വഴി വായ്പ എടുത്തതും, തുടർന്നുള്ള ഭീഷണിയുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
കൃഷി ചെയ്തും ലോട്ടറി വിൽപന നടത്തിയും ഉപജീവനം കണ്ടെത്തിയിരുന്ന അജയ് രാജിന്റെ ജീവനാണ് ലോൺ ആപ്പ് വിഴുങ്ങിയത്. ചെറിയ സാമ്പത്തിക ബാധ്യതകളല്ലാതെ അജയ് രാജിന് മറ്റു പ്രശ്നങ്ങളില്ലെന്നും, ലോൺ ആപ്പുകാരുടെ ഭീഷണിയാണു മരണത്തിലേക്ക് നയിച്ചതെന്നും നാട്ടുകാരും ബന്ധുക്കളും പറയുന്നുണ്ട്. അജയ് രാജിന്റെയും കുടുംബാംഗങ്ങളുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ലോൺ ആപ്പുകാർ അയച്ച് നൽകിയതാണ് മരണത്തിലേക്ക് അജയ് രാജിനെ കൊണ്ട് ചെന്ന് എത്തിച്ചിരിക്കുന്നത്.
അജയ് രാജ് 5000 രൂപ നൽകാനുണ്ടെന്നു പലർക്കും സന്ദേശം ലഭിച്ചിരുന്നു. ചിലരോട് 20000, 25000 എന്നീ തുകകളും പറഞ്ഞിരിക്കുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി പഥം സിങ് പറഞ്ഞു. ഓൺലൈൻ വായ്പാ സംഘങ്ങളുടെ ഭീഷണി അടക്കമുള്ളവ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സുനിലയാണ് അജയ് രാജിന്റെ ഭാര്യ. മക്കൾ: അജിത്ത്, അമൃത.
കടമക്കുടിയിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് 2 കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലു പേരെ ലോൺ ആപ്പിന്റെ ചതി ക്കെണിയിൽ പെട്ടതിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. കടമക്കുടി മാടശ്ശേരി നിജോ (38) ഭാര്യ ശിൽപ, മക്കൾ ഏബൽ (7), ആരോൺ(5) എന്നിവരാണ് മരിച്ചത്. മക്കൾക്കു വിഷം നൽകിയ ശേഷം ദമ്പതികൾ തൂങ്ങി മരിക്കുകയാണ് ഉണ്ടായത്.