Latest News
തുവ്വൂർ സുജിത വധം: വിഷ്ണു കില്ലാഡിയായ കൊലയാളി
മലപ്പുറം തുവ്വൂരിലെ കൃഷി വകുപ്പിലെ ഹെൽപ്പ് ഡെസ്കിലെ താൽക്കാലിക ജീവനക്കാരി സുജിതയുടെ കൊലപാതകത്തിൻ്റെ ചുരുളഴിയുമ്പോൾ നാട്ടുകാർ ഞെട്ടുകയാണ്. സേതുരാമയ്യർ സിബിഐ സിനിമയില്‍ ജഗദീഷ് അവതരിപ്പിച്ച ടൈലർ മണിയുടെ റോളിനെ ഓർമ്മിപ്പിക്കുകയാണ് കേസിലെ ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ വിഷ്ണു.. സുജിതയെ കാണാനില്ലെന്ന് കാണിച്ച് പോലീസ് ഫേസ്ബുക്കിലിട്ട പോസ്റ്റ് ഷെയർ ചെയ്ത വിഷ്ണു അന്വേഷണത്തിൽ പോലീസ് കാര്യക്ഷമല്ലെന്ന് ആരോപിച്ച് ബുധനാഴ്ച പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താനിരിക്കുകയായിരുന്നു.
വിഷ്ണുവിനെ പോലീസ് മൂന്നു തവണയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. സുജിതയുടെ ഫോണിൽ നിന്നും അവസാനം പോയ കാൾ വിഷ്ണുവിന് ആണെന്നും സുജിതയുടെ മൊബൈൽ ടവർ ലൊക്കേഷൻ അവസാനം രേഖപ്പെടുത്തിയിട്ടുള്ളത് വിഷ്ണുവിൻറെ വീടിന് അടുത്ത് ആണെന്നതും പോലീസ് കണ്ടെത്തിയതുമാണ് കേസിന്റെ ചുരുളഴിക്കാൻ വഴിയൊരുക്കുന്നത്. തുടർന്ന് വിഷ്ണുവിനെ കേന്ദ്രീകരിച്ച പോലീസ് അന്വേഷണം ഊർജ്ജതമാക്കുകയായിരുന്നു. വിഷ്ണു സഹോദരന്മാരായ വൈശാഖ്, വിവേക്,അച്ഛൻ മുത്തു സുഹൃത്ത് ശിഹാൻ എന്നിവരാണ് കേസിൽ പിടിയിലായിരിക്കുന്നത്.
ഇക്കഴിഞ്ഞ 11 നാണ് പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിത (35) നെ കാണാതാവുന്നത്. തുവ്വൂരിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ആണ് സുജിത ഓഫീസിൽനിന്ന് ഉച്ചയോടെ ഇറങ്ങുന്നത്. ആശുപത്രിയിലേക്ക് എന്ന് പറഞ്ഞായിരുന്നു സുജിത പുറത്തുപോവുന്നത്. സുജിതയും വിഷ്ണുവുമായി സാമ്പത്തിക ഇടപാട് ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. കൊലപാതകം സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ആയിരുന്നു എന്നും പോലീസ് സംശയിക്കുന്നു. സുജിതയെ ശ്വാസം മുട്ടിച്ച് കൊന്ന് കെട്ടി തൂക്കി മരണം ഉറപ്പാക്കി. ശേഷം മൃതദേഹത്തിൽ നിന്നും സ്വർണാഭരണങ്ങൾ മുറിച്ചെടുത്ത് വിൽക്കുകയായിരുന്നു. കിട്ടിയ പണം ആകട്ടെ പ്രതികൾ തുല്യമായി പങ്ക് വെച്ചെടുത്തു.
‘ദൃശ്യം’ മാതൃകയിൽ ആണ് പ്രതികൾ മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചത്. മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് വിഷ്ണുവിന്റെ പറമ്പിൽ കുഴിച്ചിട്ടു. അവിടെ മണ്ണും മെറ്റലും എം സാൻഡും മറ്റും നിരത്തി മൂടി. അവിടെ ബാത്ത്റൂം നിർമിക്കാൻ ആയിരുന്നു പ്രതികൾ തീരുമാനിച്ചിരുന്നത്. എസ് പി സുജിത്ത് ദാസ് പറയുന്നു.
കൃഷിഭവനിലെത്തുന്ന ആളുകളെ അപേക്ഷ കൊടുക്കുന്നതിനു സഹായിക്കുന്ന ജോലിയിയായിരുന്നു സുജിതക്ക്. പ്രതി ജിഷ്ണു നേരത്തെ പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. ഐ.എസ്.ആര്‍.ഒയില്‍ ജോലി ലഭിച്ചെന്നു പറഞ്ഞാണു ജോലി രാജിവെക്കുന്നത്. വിഷ്ണുവും സുജിതയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നുവെന്നാണ് പൊലീസിനു കിട്ടിയ വിവരം. ഫോറൻസിക് – പോസ്റ്റ് മോർട്ടം പരിശോധന വിവരങ്ങൾ കൂടി പുറത്തുവന്നാലേ കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് അറിയാനാവൂ.