Entertainment
സ്വന്തമായി വെച്ച വീട്ടിൽ താമസിക്കാനുള്ള ആഗ്രഹം ബാക്കി വെച്ച് മാരിമുത്തു യാത്രയായി
തമിഴ്‌സിനിമയിലും ടെലിവിഷന്‍ രംഗത്തും രണ്ടു പതിറ്റാണ്ടിലേറെയായി സഹസംവിധായകനായും അഭിനേതാവായും സംവിധായകനായും ഒക്കെ നിറ സാന്നിധ്യമായിരുന്ന മാരിമുത്തു ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഡബ്ബിങിനിടെ കുഴഞ്ഞു വീണായിരുന്നു മാരിമുത്തുവിന്റെ അന്ത്യം. ജയിലർ സിനിമയിലെ മാരിമുത്തുവിന്റെ കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
2020 ല്‍ ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് മാരിമുത്തു മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. വർഷങ്ങളായി വാടക വീട്ടിൽ താമസിച്ചിരുന്ന മാരിമുത്തുവും കുടുംബവും, സ്വന്തമായി ഒരു വീട് വേണമെന്ന ആഗ്രഹം സഫലമാക്കിയിരുന്നെങ്കിലും ആ വീട്ടിൽ താമസിക്കണം എന്ന ആഗ്രഹം ബാക്കി വെച്ചാണ് യാത്രയാകുന്നത്. മരണത്തിനു മുൻപ് മാരിമുത്തുവും ഭാര്യയും ഒന്നിച്ചു പങ്കെടുത്ത അവസാന അഭിമുഖം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ആ അഭിമുഖങ്ങളിൽ മാരിമുത്തു ഏറ്റവും കൂടുതൽ സംസാരിച്ചത് രണ്ടു മക്കളെ കുറിച്ചായിരുന്നു. ഇപ്പോഴിതാ മാരിമുത്തുവുന്റെ മരണശേഷം മകൻ അഖിലൻ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖം വൈറലായിരിക്കുകയാണ്.
‘അച്ഛൻ മരിച്ചു എന്നത് പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയുന്നില്ല. നമ്മൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങിനെയൊക്കെ നടക്കുമെന്ന്. നല്ലപോലെ ഇരുന്നതാണ്, രാവിലെ വന്നു ഭക്ഷണം കഴിച്ചിട്ട് ഡബ്ബിങ്ങിന് പോയതാണ്. അവിടെ നിന്നും ഷൂട്ടിങ്ങിനു പോകുമെന്നും പറഞ്ഞിട്ടാണ് പോവുന്നത്. ഇതിൽ നിന്നും പുറത്തു വരേണ്ടത് എങ്ങിനെ ആണെന്ന് എനിക്ക് അറിയില്ല. വരുമോ എന്നും അറിയില്ല. പക്ഷെ അദ്ദേഹം ഇല്ലെങ്കിലും എങ്ങിനെ ജീവിക്കണം എന്ന് ഞങ്ങൾക്ക് പറഞ്ഞു തന്നിട്ടാണ് പോയിരിക്കുന്നത്’അഖിലൻ പറയുന്നു.
‘ജീവിതം തന്നെ അച്ഛന് സിനിമ ആയിരുന്നു. മിനിസ്ക്രീൻ ആയാലും ബിഗ്‌സ്‌ക്രീൻ ആയാലും അച്ഛന് ഒരുപോലെ ഇഷ്ടം ആയിരുന്നു. മൂന്നാലു വർഷം മുൻപ് നെഞ്ചുവേദന ഒക്കെ ഉണ്ടായി ഒരു മൈനർ സർജറി ഒക്കെ ചെയ്തിരുന്നു. അന്ന് അതൊക്കെ മാറി ഹെൽത്തി ആയി. അന്ന് വീട്ടിൽ വച്ചായിരുന്നു, പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഈ പ്രാവശ്യം വയ്യാന്നു തോന്നിയപ്പോൾ അദ്ദേഹം തനിയെ ഹോസ്പിറ്റലിൽ പോവുകയായിരുന്നു. 58 വയസായിരുന്നു അച്ഛന്, ഇനിയും ഒരു അഞ്ചാറ് വർഷത്തിനുള്ളിൽ സംവിധാനത്തിലേക്ക് മടങ്ങി പോകണം എന്നൊക്കെ ആയിരുന്നു അച്ഛന്റെ ആഗ്രഹം’ അഖിലൻ പറഞ്ഞു.
‘അമ്മയേം അനിയത്തിയെയും ഈ വേർപാടിൽ നിന്നും പുറത്ത് കൊണ്ടുവരാനാവുമോ എന്ന് എനിക്കറിയില്ല. അവൾ ഇപ്പോൾ ചെന്നൈയിൽ ജോലി ചെയ്യുകയാണ്. അവൾക്ക് വിദേശത്തുപോയി പഠിക്കണം എന്നായിരുന്നു ആഗ്രഹം. തടസങ്ങൾ ഒന്നും ഇല്ലാതെ അവളുടെ ആഗ്രഹം ഒക്കെ എനിക്ക് നടത്തികൊടുക്കണം. അച്ഛൻ ഇല്ലാത്തത് കൊണ്ട് അവളുടെ ആഗ്രഹങ്ങൾ നടന്നില്ല എന്ന് അവൾക്ക് ഒരിക്കലും തോന്നരുത്. അച്ഛന്റെ അച്ഛനെ അടക്കം ചെയ്ത സ്ഥലത്തു തന്നെ അടക്കം ചെയ്യണം എന്നുള്ളത് അച്ഛന്റെ ആഗ്രഹമായിരുന്നു. ആ ആഗ്രഹം പോലെ നാട്ടിൽ കൊണ്ട് വന്നു അവിടെയാണ് അടക്കം ചെയ്തത്’അഖിലൻ പറഞ്ഞു.