Latest News
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1ന്റെ വിക്ഷേപണം ശനിയാഴ്ച രാവിലെ11:50ന്
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1 -ന്റെ വിക്ഷേപണം ഐഎസ്ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്റില്‍ നിന്ന് സെപ്റ്റംബര്‍ 2 ന് രാവിലെ 11:50 നു നടക്കും. അതിനായുള്ള തയാറെടുപ്പിലാണ് ഐഎസ്ആര്‍ഒ. ഭൂമിയില്‍ നിന്ന് ഏകദേശം 1.5 കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് 1 ന് (എല്‍1) ചുറ്റുമുള്ള സാങ്കല്‍പിക ഭ്രമണപഥത്തില്‍ നിന്ന് ആദിത്യ എല്‍1 സൂര്യനെ നിരീക്ഷിക്കും. ആദ്യത്യ എല്‍1 ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൂര്യന്റെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ഭാവിയെയും കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ലഭിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യ സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി വികസിപ്പിച്ച ആദ്യ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹമായ ആദിത്യ-എല്‍1 പിഎസ്എല്‍വി-സി 57 റോക്കറ്റിലാണ് വിക്ഷേപിക്കുക. സോളാര്‍ കൊറോണ, ക്രോമോസ്ഫിയര്‍, ഫോട്ടോസ്ഫിയര്‍, സൗരകൊടുങ്കാറ്റ് എന്നിവയെക്കുറിച്ച് പഠിക്കാന്‍ ഏഴ് പേലോഡുകള്‍ ആദിത്യ-എല്‍1 ബഹിരാകാശ പേടകത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു. മൂന്നുമാസം സഞ്ചരിച്ചാണ് പേടകം ലഗ്രാഞ്ച് പോയിന്റ് 1 ല്‍ എത്തുക. ആദിത്യ എല്‍1 രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണമായി തദ്ദേശീയമായി നിര്‍മിച്ചതാണ്. ശാസ്ത്രീയ പര്യവേക്ഷണങ്ങള്‍ തുടരുകയാണ്. ശാസ്ത്രീയ പഠനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് അടുത്തിടെ സോമനാഥ് തിരുവനന്തപുരത്ത് പറഞ്ഞിരുന്നതാണ്.
ആദിത്യ എല്‍1 ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാന്‍ജിയന്‍ പോയിന്റിലായിരിക്കും ആദ്യമെത്തുന്നതെന്നു ദൗത്യത്തിനായി രൂപീകരിച്ച സംഘത്തിന്റെ ഭാഗമായ സോളാര്‍ ഫിസിഷ്യന്‍ പ്രൊഫ.ദീപങ്കര്‍ ബാനര്‍ജി പറഞ്ഞിട്ടുണ്ട്. എൽ-1 മുതൽ എൽ 5 വരെ അഞ്ച് പോയിന്റുകളാണ് ഉള്ളത്. ഇവയിൽ, ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നതാണ് എൽ-1,എൽ-2 പോയിന്റുകൾ. ഈ സ്ഥാനങ്ങൾ ഗവേഷണങ്ങൾ നടത്താൻ അനുകൂലമായിരിക്കും.
‘എല്‍ 1 പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റിലുള്ള ഒരു ഉപഗ്രഹത്തിന് മറ്റ് തടസങ്ങളൊന്നുമില്ലാതെ സദാസമയവും സൂര്യനെ നിരീക്ഷിക്കാം. ഇത് സൂര്യന്റെ പ്രവര്‍ത്തനങ്ങളും കാലാവസ്ഥയും സംബന്ധിച്ച വ്യക്തമായ വിവരങ്ങളും ശേഖരിക്കാന്‍ ഉപകരിക്കും’ ഭൂമിയുടെ ഭ്രമണപഥത്തിൽ സൂര്യനും ഭൂമിക്കും ഇടയിലാണ് ഈ പോയിന്റ്. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ (ഏകദേശം 930,000 മൈൽ) അകലെ സൂര്യന്റെ ദിശയിലാണ് ഈ പോയിന്റ് ഉള്ളത്. വിക്ഷേപണത്തിന് ശേഷം, ആദിത്യ എല്‍ 1 ന് ലഗ്രാഞ്ച് പോയിന്റ് 1 (എൽ1)ലെത്താൻ 125 ദിവസമാന് എടുക്കുക.