Latest News
ശ്രീരാമകൃഷ്ണ മിഷന്റെ 130 കോടി തിരികെ കൊടുക്കാൻ കെടിഡിഎഫ് സിക്ക് പണമില്ല, ബാങ്കിംഗ് ഇതര ലൈസന്‍സ് റിസര്‍വ്വ് ബാങ്ക് റദ്ദാക്കി
കൊച്ചി . കേരള ഗതാഗത വികസന ധനകാര്യ കോര്‍പറേഷൻ എന്ന കെടിഡിഎഫ് സിയുടെ ബാങ്കിംഗ് ഇതര ലൈസന്‍സ് റിസര്‍വ്വ് ബാങ്ക് റദ്ദാക്കും. ശ്രീരാമകൃഷ്ണാ മിഷനില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ച 130 കോടി രൂപ കാലാവധി പൂര്‍ത്തിയായിട്ടും തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് റിസര്‍വ്വ് ബാങ്ക് നടപടിക്കൊരുങ്ങുന്നത്. കെടിഡിഎഫ് സിയുടെ ബാങ്കിംഗ് ഇതര ലൈസന്‍സ് റദ്ദാക്കുമെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്.
കെടിഡിഎഫ് സി എന്ന സ്ഥാപനം സര്‍ക്കാര്‍ തുടങ്ങിയത്, കെഎസ്ആര്‍ടിസിയ്‌ക്ക് ഫണ്ട് നല്‍കാന്‍ വേണ്ടിയായിരുന്നു. ബാങ്കുകളില്‍ നിന്നും കെടിഡിഎഫ് സി വായ്പ എടുത്തിട്ടുണ്ട്. കാലാവധി എത്തിയ 28 ഓളം സ്ഥിരനിക്ഷേപങ്ങള്‍ തിരിച്ചുകിട്ടാന്‍ ശ്രീരാമകൃഷ്ണ മഠം അധികൃതര്‍ കെടിഡിഎഫ് സി യെ സമീപിച്ചപ്പോഴാണ് തിരിച്ചു നൽകാൻ പണമില്ലെന്ന വസ്തുത അറിയുന്നത്. കെടിഡിഎഫ് സിയുടെ കയ്യില്‍ തിരിച്ചുനല്‍കാന്‍ പണമില്ല. ഇതോടെ ശ്രീരാമകൃഷ്ണ മഠം അധികൃതര്‍ തിരുവനന്തപുരത്തേക്ക് നിയമവിദഗ്ധരുടെ ഒരു ടീമുമായാണ് എത്തുന്നത്. തിരിച്ചുതരാന്‍ തങ്ങളുടെ കയ്യില്‍ പണമില്ലെന്നും വേണമെങ്കില്‍ സര്‍ക്കാരിനോട് ചോദിച്ചോളൂ എന്ന വിശദീകരണവുമായി കെടിഡിഎഫ് സി അധികൃതര്‍ കയ്യൊഴിയുകയായിരുന്നു.
സര്‍ക്കാരായിരുന്നു ശ്രീരാമകൃഷ്ണമഠം, കെടിഡിഎഫ് സിയ്‌ക്ക് നല്‍കിയ വായ്പയ്‌ക്ക് ഗ്യാരണ്ടി നിന്നിരുന്നത്. അതിനാല്‍ സര്‍ക്കാര്‍ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ശ്രീരാമകൃഷ്ണ മിഷന്‍ അധികൃതര്‍ തുടർന്ന് റിസര്‍വ്വ് ബാങ്കിനെ സമീപിക്കുകയാണ് ഉണ്ടായത്. ഇതോടെ പണം കേരള സര്‍ക്കാര്‍ നല്‍കണമെന്ന നിലപാട് റിസര്‍വ്വ് ബാങ്ക് സ്വീകരിച്ചു. റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ ഈ നിര്‍ദേശം കാട്ടി ഹൈക്കോടതിയെ സമീപിക്കാന്‍ പോവുകയാണ് ശ്രീരാമകൃഷ്ണ മിഷന്‍ അധികൃതര്‍. ഹൈക്കോടതിക്കും നിലവിലുള്ള സാഹചര്യത്തിൽ നിയമപ്രകാരം ആര്‍ബിഐ നിര്‍ദേശത്തെ ശരിവെയ്‌ക്കാനേ കഴിയുകയുള്ളൂ.
സംഭവം സര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തിക ബാധ്യതകളിലേക്ക് എത്താനുള്ള സാധ്യതയാണ് ഉണ്ടാക്കിയിട്ടുള്ളത്. ബാങ്കുകളില്‍ നിന്നു പോലും കെടിഡിഎഫ് സി വായ്പ എടുത്തിട്ടുണ്ട്. അതിനും ഗ്യാരണ്ടി സര്‍ക്കാര്‍ തന്നെയാണ്. നിയമപരമായി സര്‍ക്കാരിനാണ് ഇക്കാര്യത്തിൽ ബാധ്യത. കിഫ്ബിയില്‍ നിക്ഷേപം നടത്തിയവര്‍ക്കും സര്‍ക്കാര്‍ തന്നെയാണ് ഗ്യാരണ്ടി നൽകിയിട്ടുള്ളത്. സര്‍ക്കാരിനു വിഷയത്തിൽ കൈ കഴുകി രക്ഷപ്പെടാനാവില്ല. നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കേണ്ടി വരുമെന്നാണ് അഞ്ചാം ധനകാര്യകമ്മിഷന്‍ അധ്യക്ഷനായിരുന്ന ബി.എ.പ്രകാശ് പറഞ്ഞിരിക്കുന്നത്. ഇതിനിടെ ശ്രീരാമകൃഷ്ണമഠം നൽകിയ പണം തിരികെ കൊടുക്കാൻ ഇല്ലെന്നു പറഞ്ഞിരിക്കെ, കെടിഡിഎഫ് സിയ്‌ക്ക് പണം സഹായിച്ച ബാങ്കുകളും വായ്പ തുകകൾ ആവശ്യപ്പെടാനായി ഒരുങ്ങുകയാണ്.
കെടിഡിഎഫ് സിയുടെ വീഴ്ച വന്‍സാമ്പത്തിക ബാധ്യത വരുത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇത് കേരള ബാങ്കിനെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. തൃശൂരിലെ കരുവന്നൂര്‍ ബാങ്കില്‍ നിന്നും തുടങ്ങിയ ബാങ്ക് ദുരന്തങ്ങളുടെ തുടര്‍ച്ചയായിട്ടുവേണം ഇതിനെ കരുതാൻ. കേരള ബാങ്ക് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെടിഡിഎഫ് സിക്ക് 356 കോടി രൂപ വായ്പ നല്‍കിയിരുന്നതാണ്.
ഈടൊന്നുമില്ലാതെയാണ് കേരളാ ബാങ്ക് ഈ വായ്പ നല്‍കിയിരുന്നത്. അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ നിര്‍ദേശപ്രകാരമായിരുന്നു കെഎസ് ആര്‍ടിസിയ്‌ക്ക് വേണ്ടി കേരളബാങ്ക് ഇത്രയും വലിയ തുക നൽകുന്നത്. ഈ തുക ഇപ്പോള്‍ കേരള ബാങ്കിന്റെ നിഷ്ക്രിയ ആസ്തിയായി മാറിയിട്ടുണ്ട്. ഈ 356 കോടി ഇപ്പോള്‍ പലിശയും കൂട്ടുപലിശയും ചേർത്ത് 900 കോടി കവിഞ്ഞു. കെടിഡിഎഫ് സി സാമ്പത്തികപ്രതിസന്ധിയിലായതോടെ സ്ഥിരനിക്ഷേപം സ്വീകരിക്കുന്നത് റിസര്‍വ്വ് ബാങ്ക് വിലക്ക് കൂടി വന്നിരിക്കെ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് സർക്കാർ.