Latest News
‘ആ ചുംബന പ്രശ്‍നം മാപ്പ് പറഞ്ഞത് കൊണ്ട് തീരില്ല’, സ്പെയിനിൽ കത്തിക്കയറി ഒരു ചുംബനം
വനിതാ ലോകകപ്പിലെ വിജയത്തിന് പിറകെ സ്‌പെയിൻ ഒരു ചുംബന പ്രശ്‍നം കത്തുകയാണ്. വിജയത്തിന് പിറകെ ഫുട്‌ബോൾ താരം ജെന്നി ഹെർമോസോയുടെ ചുണ്ടിൽ ചുംബിച്ചതിന് ഫുട്‌ബോൾ ഫെഡറേഷൻ മേധാവി മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്നം തീരില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തന്നെ വ്യക്തമാക്കുകയായിരുന്നു.
ഇതോടെ ആ ചുബനം സാമൂഹ്യ മാധ്യമങ്ങളിലാകെ ചർച്ചയായി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഞായറാഴ്ച നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ 1-0ന് തോൽപ്പിച്ചതിന് പിന്നാലെയാണ് സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ മേധാവി നാല്പഞ്ചുകാരനായ ലൂയിസ് റൂബിയാലെസ്, ഹെർമോസോയെ ചുംബിക്കുന്നത്. റൂബിയാലെസ് മറ്റ് താരങ്ങളെ ആലിംഗനം ചെയതപ്പോൾ ഹെർമോസോയെ ചുണ്ടിൽ ചുംബിക്കുകയാണ് ഉണ്ടായത്.
‘റുബിയാലെസ് നൽകിയ ക്ഷമാപണം അപര്യാപ്തമാണെന്ന് ഞാൻ കരുതുന്നു, ഞങ്ങൾ കണ്ടത് അസ്വീകാര്യമായ പ്രവർത്തിയായിരുന്നു’ ചുംബനത്തെക്കുറിച്ചുള്ള പ്രതിഷേധത്തെക്കുറിച്ച് സാഞ്ചസ് ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലൈംഗിക പീഡനത്തിന് എതിരെ കർശനമായ നിയമങ്ങൾകൊണ്ടുവന്ന സർക്കാരിനെ നയിക്കുന്ന സാഞ്ചസ് ഇത് പറഞ്ഞതോടെ ചുബന പ്രശ്‍നം ചൂട് പിടിക്കുകയായിരുന്നു.
ചുംബനവിവാദത്തിൽ പ്രതിഷേധം കനത്തതോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ റുബിയാലെസ് ക്ഷമാപണം നടത്തി. ‘ഏറ്റവും ആഹ്ലാദകരമായ നിമിഷത്തിൽ യാതൊരു ദുരുദ്ദേശ്യവുമില്ലാതെയാണ് അങ്ങനെ ചെയ്തത്. അത് ഒരു സ്വാഭാവികവും സാധാരണവുമായ കാര്യമായാണ് ഞങ്ങൾ കരുതിയത്. എന്നാൽ അതേച്ചൊല്ലി പുറത്ത് വലിയ ഒച്ചപ്പാട് ഉണ്ടായി’ ക്ഷമാപണ വീഡിയോയിൽ റൂബിയാലെസ് പറഞ്ഞു നോക്കിയിട്ടും ഫലമുണ്ടായില്ല.
ഞായറാഴ്ച, ലോകകപ്പ് ഫൈനൽ കഴിഞ്ഞ ശേഷം 33കാരിയായ ഹെർമോസോ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഡ്രസിങ് റൂമിലെ ആഘോഷങ്ങൾ കാണിക്കുന്നുണ്ട്. അതിനിടെ സഹതാരങ്ങൾ അവളെ കളിയാക്കുകയാണ്. അതിനോട് ഹെർമോസോ ചിരിച്ചുകൊണ്ട് പ്രതികരിച്ചത് ഇങ്ങനെ: ‘എനിക്ക് അത് ഇഷ്ടപ്പെട്ടില്ല’.