Latest News
ജി20 ഉച്ചകോടി മുസ്‌ലിംകൾ തടയാൻ ആഹ്വാനം ചെയ്ത് ഖാലിസ്ഥാൻ തീവ്രവാദി
ന്യൂ ഡൽഹി . ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടി മുസ്‌ലിംകൾ തടയണമെന്ന് ആഹ്വാനം ചെയ്ത് ഖാലിസ്ഥാനി നേതാവ്. സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) സ്ഥാപകനും ഖാലിസ്ഥാൻ നേതാവുമായ ഗുർപത്വന്ത് സിംഗ് പന്നൂനിന്റേതാണ് ഈ ആഹ്വാനം. കശ്മീർ താഴ്വരയിലെ മുസ്ലീങ്ങൾ വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷം ഉച്ചകോടി നടക്കുന്ന പ്രഗതി മൈതാനത്തേക്ക് മാർച്ച് നടത്തണമെന്നാണ് ഗുർപത്വന്ത് സിംഗ് ഓഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. സെപ്തംബർ 9, 10 തീയതികളിലാണ് ഡൽഹിയിൽ ദ്വിദിന ഉച്ചകോടി.
ഡൽഹി ഐജിഐ വിമാനത്താവളത്തിൽ ഖാലിസ്ഥാനി പതാക ഉയർത്തുമെന്നും ഗുർപത്വന്ത് സിംഗ് പന്നൂൻ വെല്ലുവിളിച്ചിരിക്കുകയാണ്. ഡൽഹിയിലുടനീളമുള്ള മെട്രോ സ്റ്റേഷനുകൾ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഖാലിസ്ഥാൻ തീവ്രവാദികളുടെ പുതിയ വെല്ലുവിളി. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് എസ്എഫ്ജെയുമായി ബന്ധമുള്ള രണ്ട് പേരെ പോലീസ് അറസ്റ്റും ചെയ്തിരുന്നു. ഗുരുപത്വന്ത് സിംഗ് പന്നുവിന്റെ നിർദ്ദേശപ്രകാരമാണ് മുദ്രാവാക്യങ്ങൾ മുഴക്കിയതെന്നാണ് പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്.
പഞ്ചാബി ബാഗ്, ശിവാജി പാർക്ക്, മാഡിപൂർ, പശ്ചിമ വിഹാർ, ഉദ്യോഗ് നഗർ, മഹാരാജ സൂരജ്മൽ സ്റ്റേഡിയം, നംഗ്ലോയ് എന്നിങ്ങനെയുള്ള മെട്രോ സ്റ്റേഷനുകളുടെ ചുമരുകളിലാണ് ഡൽഹി ബനേഗാ ഖലിസ്ഥാൻ, ഖാലിസ്ഥാൻ റെഫറണ്ടം സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയിരിക്കുന്നത്. ഐഎസ്‌ഐയുമായും അതിന്റെ കെ2 (കാശ്മീർ-ഖാലിസ്ഥാൻ) നുമായും ഉള്ള ബന്ധം പന്നൂന്റെ ഓഡിയോ സന്ദേശത്തിൽ ഉണ്ടെന്നു അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടുണ്ട്.