Latest News
കാനഡയിൽ കഴിയുന്ന ഹിന്ദുക്കളോട് എത്രയും വേഗം കാനഡ വിട്ടു പോകാൻ ഖാലിസ്ഥാൻ നേതാവിന്റെ ഭീക്ഷണി
കാനഡയിൽ കഴിയുന്ന ഹിന്ദുക്കളോട് എത്രയും വേഗം ഇന്ത്യയിലേക്ക് പോകാൻ ഭീക്ഷണി മുഴക്കി നിരോധിത ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ (എസ്‌എഫ്‌ജെ) നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂൻ. ഇൻഡോ – കനേഡിയൻ ഹിന്ദുക്കൾക്കെതിരെയാണ് ഖാലിസ്ഥാൻ നേതാവ് നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂന്റെ ഭീക്ഷണി.
‘ഇന്തോ-കനേഡിയൻ ഹിന്ദുക്കൾക്ക് കാനഡയോടും കനേഡിയൻ ഭരണഘടനയോടും കൂറില്ലെന്ന് തെളിയിച്ചു കഴിഞ്ഞു. നിങ്ങളുടെ ലക്ഷ്യം ഇന്ത്യയാണ്. എത്രയും പെട്ടെന്ന് കാനഡ വിട്ട് ഇന്ത്യയിലേക്ക് പോകൂ’ എന്ന് ഗുർപത്വന്ത് സിംഗ് പന്നൂൻ വീഡിയയിലൂടെ ആഹ്വാനം ചെയ്യുന്നു. എന്നാൽ ഖാലിസ്ഥാൻ അനുകൂല സിഖുകാർ എപ്പോഴും കാനഡയോട് വിശ്വസ്തരായിരുന്നുവെന്നും അവർ എല്ലായ്‌പ്പോഴും കാനഡയുടെ പക്ഷത്തായിരുന്നുവെന്നും പന്നൂൻ വീഡിയോയിലൂടെ അവകാശപ്പെടുന്നുണ്ട്.
ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജാറിന്റെ കൊലപാതകവും ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാരും തമ്മിൽ ബന്ധമുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ ഇന്ത്യൻ ഹൈകമ്മീഷനിലെ നയതന്ത്രജ്ഞരെ കാനഡ പുറത്താക്കുകയും ഇന്ത്യയിലെ കനേഡിയൻ നയതന്ത്രജ്ഞരെ ഇന്ത്യ പുറത്താക്കുകയും ചെയ്തിരിക്കുകയാണ്.
എന്നാൽ നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച കനേഡിയൻ സർക്കാരിന്റെ ആരോപണം കേന്ദ്ര സർക്കാർ പൂർണമായി തള്ളി. ഈ ആരോപണങ്ങളെ അസംബന്ധമെന്ന് വിശേഷിപ്പിച്ച സർക്കാർ, നിയമവാഴ്‌ചയോട് ഇന്ത്യയ്ക്ക് ശക്തമായ പ്രതിബദ്ധതയാണുള്ളതെന്നും വ്യക്തമാക്കിയിരുന്നു. ഇതിനിടെ കാനഡയിൽ നടന്ന ഒരു സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, മറ്റ് ഉന്നത നേതാക്കൾ എന്നിവർക്കെതിരെ ഗുർപത്വന്ത് സിംഗ് പന്നൂൻ ഭീഷണി മുഴക്കിയിരുന്നു.