Latest News
ഫേസ്ബുക്കിനെതിരെ കേരള പോലീസ് കേസെടുത്തു, നോഡൽ ഓഫീസറെ അറസ്റ്റ് ചെയ്യും
തിരുവനന്തപുരം . ഫേസ്ബുക്കിനെതിരെ കേരള പോലീസ് കേസെടുത്തു. വനിതാ സൈക്യാട്രിസ്റ്റിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് പോസ്റ്റ് ചെയ്ത അശ്ലീല ചിത്രങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും മാറ്റാത്ത സംഭവത്തെ തുടർന്നാണ് പോലീസ് ഫേസ്ബുക്കിനെതിരെ കേസെടുത്തത്. ആദ്യമായാണ് കേരളാ പോലീസ് ഫേസ്ബുക്കിനെതിരെ കേസെടുക്കുന്നത്. നോഡൽ ഓഫീസറെ അറസ്റ്റ് ചെയ്യാനുളള നടപടിക്രമങ്ങളിലേക്ക് കടക്കുന്നതും ആദ്യമായാണ്.
നഗരത്തിലെ വനിതാ സൈക്യാട്രിസ്റ്റിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രൊഫൈലിൽ അശ്ലീലചിത്രങ്ങൾ പ്രത്യക്ഷപ്പെടുകയായിരുന്നു. എന്നാൽ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നതിനാൽ ഈ ചിത്രങ്ങൾ നീക്കം ചെയ്യാൻ സൈബർസെൽ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. തുടർന്നാണ് ഹാക്കറെ കണ്ടെത്താനും ചിത്രങ്ങൾ നീക്കാനും ആവശ്യപ്പെട്ട് ഐടി ആക്ട് 79 പ്രകാരം ഫേസ്ബുക്കിന് പോലീസ് നോട്ടീസയക്കുന്നത്.
36 മണിക്കൂറിനകം ചിത്രങ്ങൾ ഡിലീറ്റ് ചെയ്യണമൊയിരുന്നു നോട്ടീസിൽ നിർദേശിച്ചിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഫേസ്ബുക്ക് നടപടിയോ മറുപടിയോ എടുത്തില്ല. ഇതിനാലാണ് ഐടി ആക്ട് പ്രകാരം ഫേസ്ബുക്കിനെതിരെ ക്രിമിനൽ കേസെടുത്തത്. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ അനുമതിയോടെ അമേരിക്കയിലെ ഫേസ്ബുക്ക് ആസ്ഥാനത്തേയ്‌ക്ക് കത്തയച്ചാൽ മാത്രമേ സൈബർ കുറ്റകൃത്യങ്ങൾ നടക്കുന്ന അക്കൗണ്ട് വിവരങ്ങൾ പോലീസിന് ലഭ്യമാകുകയുളളൂ. രാജ്യങ്ങൾ തമ്മിൽ കുറ്റവാളികളുടെ വിവരങ്ങൾ കൈമാറുന്ന കരാർ പ്രകാരമുള്ള നടപടിക്രമങ്ങളാണിത്. എന്നാൽ ഇതിന് ഇന്ത്യയിലെ നോഡൽ ഏജൻസി സിബിഐയാണ്.