Culture
ഇന്ന് ജന്മാഷ്ടമി, നഗരവീഥികളിൽ അമ്പാടിക്കണ്ണൻ, കേരളം ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ നിറവിൽ
തിരുവനന്തപുരം . ഇന്ന് ജന്മാഷ്ടമി, നഗരവീഥികളിൽ അമ്പാടിക്കണ്ണൻ എത്തുന്ന ദിവസം. കേരളം ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ നിറവിലാണ്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ മുതൽ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ആഘോഷങ്ങൾ ആരംഭിച്ചു. സംസ്ഥാനത്തെ കൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും രാവിലെ മുതൽ തുടങ്ങി. മഹാവിഷ്ണുവിന്റെ ഒമ്പതാം അവതാരമാണ് ശ്രീകൃഷ്ണൻ. കണ്ണന്റെ ജന്മദിനമായ അഷ്ടമിരോഹിണി നാളിൽ സംസ്ഥാനത്തുടനീളം വിവിധ ആഘോഷങ്ങളാണ് ഇന്ന് അരങ്ങേറുക.
എല്ലാ അമ്മമാരും മക്കളെ കണ്ണനായി കാണാനാണു ആഗ്രഹിക്കുന്നത്. കണ്ണനെന്നും ഉണ്ണിയെന്നുമൊക്കെ പേരിട്ട് മടിയിലിരുത്തി ലാളിക്കും. പൊന്നിന്‍കിരീടം ചാര്‍ത്തി,വര്‍ണ്ണമയില്‍പ്പീലി ചാർത്തി, ഗോരോചനക്കുറിയും മഞ്ഞത്തുകിലും അണിയിച്ചും, അഞ്ജനശ്രീധരവേഷത്തില്‍ തന്റെ കുഞ്ഞിനെ കണ്ണനായൊരുക്കാന്‍ ഉത്സാഹിക്കുന്ന ശോഭായാത്രയുടെ ചാരുദൃശ്യങ്ങളായിരിക്കും ഇന്ന് നാട്ടിൽ.
കേരളത്തില്‍ നമുക്ക് ഭഗവാന്‍ കൃഷ്ണന്‍ ഉണ്ണികൃഷ്ണനാണ്, കണ്ണനാണ്, അമ്പാടി കൃഷ്ണനാണ്. പീലിത്തിരുമുടിയും, ഓടക്കുഴലും ധരിച്ച രൂപത്തിലാണ് നമ്മള്‍ കണ്ണനെ കാണാന്‍ ആഗ്രഹിക്കുക. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഗ്രഹം ചതുര്‍ബാഹുവായ മഹാവിഷ്ണുവിന്റേതാണ്. തടവറയില്‍ വസുദേവര്‍ക്കും ദേവകിക്കും കാട്ടിക്കൊടുത്ത ദിവ്യരൂപം ആണത്. പക്ഷേ കേരളീയരെ സംബന്ധിച്ചിടത്തോളം നമുക്കെല്ലാം കണ്ണൻ ബാലകനായ ഉണ്ണിക്കണ്ണനാണ്. വാത്സല്യത്തിന്റെ ഭക്തിഭാവ സ്വരൂപമാണ്.
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് സംസ്ഥാന വ്യാപകമായി Sobha Yatra,കൾ നടക്കും. രണ്ടരലക്ഷത്തിൽ അധികം കുട്ടികൾ ഉണ്ണിക്കണ്ണനായി എത്തുമെന്ന് ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ പ്രസന്നകുമാർ അറിയിച്ചു. ‘അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും’ എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചാണ് ഇക്കുറി ജന്മാഷ്ടമി ആഘോഷങ്ങൾ ബാലഗോകുലം നടത്തുന്നത്. കുട്ടികൾ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ശോഭായാത്രകളിൽ വിവിധ വേഷധാരികളായി അണിനിരക്കും. അവതാര കഥകളുടെ ദൃശ്യാവിഷ്‌കരണവുമായി നിശ്ചലദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, കലാരൂപങ്ങൾ, ഭജന സംഘങ്ങൾ എന്നിങ്ങനെ വിവിധ സംഘങ്ങൾ നഗര വീഥീകളിൽ അണി നിരക്കും. കുട്ടികൾ ശോഭയാത്രയിലൂടെയാകും അവസാനം ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നത്.
അമ്പാടിക്കണ്ണൻ, രാധ, ഭാരതാംബ, പാർവതി, ലക്ഷ്മി ദേവീ, സരസ്വതി ദേവി, സീത, മുരുകൻ, ഹനുമാൻ, ശിവൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്‌നൻ എന്നിങ്ങനെ വിവിധ വേഷങ്ങളിൽ എത്തുന്ന കുട്ടികൾ ഹൈന്ദവ വിശ്വാസത്തിന് കരുത്തേകും. ക്ഷേത്രത്തിലുൾപ്പെടെ ശോഭയാത്രകളുടെ അവസാനം ഉറിയടി തുടങ്ങി വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഒരാഴ്ചയായി നീണ്ടുനിന്ന ബാലഗോകുലത്തിന്റെ ജന്മാഷ്ടമി ആഘോഷങ്ങൾക്ക് ഇന്ന് നടക്കുന്ന ശോഭയാത്രയോടെ സമാപനം കുറിക്കുകയാണ്.