Latest News
കേരളം തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രഭവ കേന്ദ്രമായി ഉയർന്നുവരുകയാണ് – അനിൽ ആന്റണി
തിരുവനന്തപുരം . കേരളം തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രഭവ കേന്ദ്രമായി ഉയർന്നുവരുകയാണെന്ന് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ പിഎഫ്‌ഐയുടെ ഒന്നിലധികം രഹസ്യനീക്കങ്ങൾ എൻഐഎ തകർത്തിരുന്നു. സൈനികനെ ആക്രമിച്ച് മുതുകിൽ പിഎഫ്‌ഐ എന്ന് എഴുതിയ സംഭവം വ്യാജമാണെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു അനിൽ ആൻ്റണിയുടെ പ്രതികരണം.
സൈനികനും അയാളുടെ സുഹൃത്തും വ്യാജൻമാരെന്ന് തെളിഞ്ഞു. എന്നാൽ അത് തീവ്ര ഇസ്ലാമിസ്റ്റുകളുടെ അപകടകരമായ പ്രഭവകേന്ദ്രമായി കേരളം ഉയർന്നുവരുന്നു എന്ന വസ്തുത ഇല്ലാതാക്കുന്നില്ല. കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഐഎസുമായി ബന്ധമുള്ള പിഎഫ്ഐയുടെ ഒന്നിലധികം രഹസ്യനീക്കങ്ങൾ ദേശീയ അന്വേഷണ ഏജൻസി തകർത്തു. ഈ തീവ്രവാദ ഗ്രൂപ്പുകൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയതിന് ഒരു കേരള പോലീസ് ഉദ്യോഗസ്ഥനെ തന്നെ അടുത്തിടെ സസ്പെന്റ് ചെയ്തിരുന്നു. തീവ്രവാദത്തോട് അനുഭാവം പുലർത്തുന്ന ഒരു വലിയ സംഘം രാഷ്‌ട്രീയക്കാർ, മാധ്യമങ്ങൾ, വസ്തുത പരിശോധിക്കുന്നവർ എന്നിവരെല്ലാം രണ്ട് ദിവസം മുമ്പ് ഞാൻ നടത്തിയ ചില പ്രസ്താവനകളിൽ അസ്വസ്ഥരായതായി കണ്ടു – അനിൽ ആന്റണി പറഞ്ഞു.
കോൺഗ്രസും സിപിഎമ്മും മുസ്‍ലിം ലീഗും ഉൾപ്പെടുന്ന പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യവും അവരുമായി ബന്ധമുള്ള മാധ്യമങ്ങളും ഫാക്ട് ചെക്ക് സുഹൃത്തുക്കളുമെല്ലാം ഒരു വലിയ സാമൂഹിക വിരുദ്ധ ദേശീയ നെറ്റ്‌വർക്കിനെയും അവരുടെ സംശയാസ്പദമായ പ്രവർത്തനങ്ങളെയും ഈ സംഭവം ഉപയോഗിച്ച് വെള്ളപൂശാൻ ശ്രമിക്കുകയാണ്. അവയെല്ലാം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്ക് അപകടകരമാണ്, അനിൽ ആൻ്റണി പറഞ്ഞു.