Crime
കരുവന്നൂർ സഹ.ബാങ്കിലെ തട്ടിപ്പിൽ സി പി എം തടിയൂരാനാവാതെ കുടുങ്ങി, ഉന്നതർക്കും പങ്ക്
കൊച്ചി . കരുവന്നൂർ സഹ.ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ബിനാമി, കള്ളപ്പണം വെളുപ്പിക്കൽ ഇടപാടിൽ വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സി.പി.എം അത്താണി ലോക്കൽ കമ്മിറ്റി അംഗവുമായ പി.ആർ അരവിന്ദാക്ഷനു പുറമേ, ചില ഉന്നതരാഷ്ട്രീയ നേതാക്കൾക്കും പങ്കുണ്ടെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു.
അറസ്റ്റിലായ അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ് എന്നിവരെ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. ഇ.ഡി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഉന്നത ബന്ധം വ്യക്തമാക്കുന്നത് സി പി എമ്മിന്റെ രാഷ്ട്രീയ കണക്ക് കൂട്ടലുകൾ തകിടം മറിക്കുന്നതാണ്. അരവിന്ദാക്ഷൻ ആണ് കേസിൽ ആദ്യം അറസ്റ്റിലാവുന്നത്. അരവിന്ദാക്ഷന് 50ലക്ഷംരൂപയുടെ നിക്ഷേപവും ബിനാമി സ്വത്തുക്കളുമുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. വടക്കാഞ്ചേരി പാർളിക്കാട്ടെ വീട്ടിലെത്തിയാണ് ഇ ഡി അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുക്കുന്നത്. ജിൽസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ് ചെയ്യുന്നത്.
രണ്ടുദിവസം കസ്റ്റഡിയിൽ വേണമെന്ന ഇ.ഡിയുടെ അപേക്ഷ കള്ളപ്പണം വെളുപ്പിക്കൽ നിരോധനകേസുകൾ കൈകാര്യം ചെയ്യുന്ന കലൂരിലെ കോടതി ബുധനാഴ്ച പരിഗണിക്കാനിരിക്കുകയാണ്. പി.ആർ അരവിന്ദാക്ഷന്റെ അറസ്റ്റ് സി.പി.എമ്മിനെ തീർത്തും വെട്ടിലാക്കി. മറ്റു നേതാക്കൾക്കെതിരെയും ഇ.ഡിയുടെ നടപടി ഉണ്ടാകുമെന്ന ആശങ്കകൂടി ഇതിനൊപ്പമുണ്ട്. മുൻ മന്ത്രി എ.സി.മൊയ്തീൻ എം.എൽ.എ, സംസ്ഥാന കമ്മിറ്റി അംഗം എം.കെ.കണ്ണൻ, കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട എന്നിവരെ ഇ.ഡി. നേരത്തെ ചോദ്യം ചെയ്തിരുന്നു എന്നതും സി പി എമ്മിന്റെ കുഴക്കുന്നുണ്ട്.
കരുവന്നൂർ സഹ.ബാങ്കിലെ തട്ടിപ്പിൽ അരവിന്ദാക്ഷന്റെ പങ്ക് സംബന്ധിച്ച് റിമാൻഡിൽ കഴിയുന്ന രണ്ടാം പ്രതിയും ഇടനിലക്കാരനുമായ പി.പി. കിരൺ ഉൾപ്പെടെ നിരവധി പേരിൽനിന്നാണ് ഇ ഡി മൊഴികൾ എടുത്തിരിക്കുന്നത്. റിമാൻഡിലുള്ള ഒന്നാം പ്രതിയും ഇടനിലക്കാരനുമായ പി. സതീഷ്‌കുമാർ, സഹോദരൻ പി. ശ്രീജിത്ത് എന്നിവരുടെ അക്കൗണ്ടിൽനിന്ന് വൻതുക അരവിന്ദാക്ഷന്റെ അക്കൗണ്ടിലേയ്ക്ക് കൈമാറ്റം ചെയ്തതിന്റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്.
സതീഷ്‌കുമാറിൽനിന്ന് ഇ ഡി പിടിച്ചെടുത്ത ഫോണിൽനിന്ന് അരവിന്ദാക്ഷനുമായുള്ള ഇടപാടുകൾ സംബന്ധിച്ച സംഭാഷണങ്ങൾ ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യുമ്പോൾ, അരവിന്ദാക്ഷൻ വിവരങ്ങൾ മറച്ചുവെക്കുകയും, ആദായനികുതി റിട്ടേണുകൾ ഉൾപ്പെടെ ഉള്ള രേഖകൾ നൽകാൻ നൽകാൻ വിസമ്മതിക്കുകയും ഉണ്ടായി. അമ്മയുടെ പേരിലുള്ള വസ്തുവും ഒരുബാങ്ക് അക്കൗണ്ടുമാണ് ഇ ഡി ക്ക് മുന്നിൽ വെളിപ്പെടുത്താൻ തയ്യാറായത്. അരവിന്ദാക്ഷൻ വഴി സതീഷ്‌കുമാർ നിരവധി ബിനാമി ഇടപാടുകളും വസ്തുഇടപാടുകളും നടത്തിയിട്ടുണ്ടെന്നു ഇ ഡി കണ്ടെത്തിയിരുന്നതിനാൽ അരവിന്ദാക്ഷന്റെ ഇ ഡി പരമാവധി മുറുക്കി.
പെരിങ്ങടൂർ സഹകരണബാങ്ക്, ധനലക്ഷ്‌മി ബാങ്ക് എന്നിവിടങ്ങളിലെ അക്കൗണ്ടുകൾ ആണ് നിഷ്പ്രയാസം കുരുക്ക് മുറുക്കാൻ ഇ.ഡി കണ്ടെത്തിയിരുന്നത്. 2015, 2016, 2017 വർഷങ്ങളിൽ അക്കൗണ്ടുകൾവഴി അരവിന്ദാക്ഷൻ വൻതോതിൽ ഇടപാടുകൾ നടത്തി. കൗൺസിലർ എന്ന നിലയിൽ ലഭിക്കുന്ന ഓണറേറിയമാണ് സമ്പാദ്യമെന്ന് അറിയിച്ചെങ്കിലും പുറമെ 50ലക്ഷം രൂപയുടെ ഇടപാടുകൾ നടത്തിയതായി കണ്ടെത്തുകയായിരുന്നു.
സി പി എമ്മിന്റെ ഉന്നതനേതാക്കൾ ഉൾപ്പെടെ വമ്പന്മാരുമായി അരവിന്ദാക്ഷന് ബന്ധമുണ്ട്. തട്ടിപ്പിൽ ഗുണഭോക്താക്കളായവരെക്കുറിച്ച് അരവിന്ദാക്ഷന് അറിയുന്നതാണ്. സതീഷ്‌കുമാർ നടത്തിയ തട്ടിപ്പിലൂടെയാണ് 50ലക്ഷംരൂപ നേടിയതെന്നതിന് തെളിവും കിട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണിതെന്ന് റിമാന്റ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
സി.കെ. ജിൽസ് ആവട്ടെ സ്വന്തവും ബിനാമിപ്പേരുകളിലും 5.06 കോടി രൂപയുടെ വായ്പ തട്ടിയെടുക്കുകയായിരുന്നു. സി ക്ളാസ് അംഗത്വം മാത്രമാണ് ജിൽസിനുള്ളത്. ഈടുവച്ചവസ്തു വില്ക്കുകയും ചെയ്തിട്ടുണ്ട്. ചോദ്യംചെയ്യലിൽ തട്ടിപ്പുകൾ സംബന്ധിച്ച വിവരം നൽകാൻ തയ്യാറായിട്ടില്ലെന്നും റിമാന്റ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു.